വിശ്വനാഥന്റെ മരണം : പുനരന്വേഷണത്തിന് വിധേയമാക്കണമെന്ന് കേരള പുലയര്‍ മഹാസഭ

കല്‍പ്പറ്റ: അഡ്‌ലെഡ് പാറവയല്‍ ആദിവാസി കോളനിയിലെ വിശ്വനാഥനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്കു സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടതുമായി ബന്ധപ്പെട്ട കേസ് സ്ഥലം സി.ഐയെ മാറ്റിനിര്‍ത്തി പുനരന്വേഷണത്തിന് വിധേയമാക്കണമെന്ന് കേരള പുലയര്‍ മഹാസഭ(കെ.പി.എം.എസ്) സംസ്ഥാന സെക്രട്ടറി പി.എം.വിനോദ്, വര്‍ക്കിംഗ് പ്രസിഡന്റ് സി.എ.രാജന്‍, വൈസ് പ്രസിഡന്റ് വി.ബാബു ഇരിങ്ങാലക്കുട, ജോയിന്റ് സെക്രട്ടറി ആലക്കോട് സുരേന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വിശ്വനാഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ദുര്‍ബലപ്പെടുത്താനാണ് തുടക്കം മുതല്‍ മെഡിക്കല്‍ കോളേജ് സിഐ ശ്രമിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കൂട്ടിരിപ്പുകാരുടെ വിശ്രമകേന്ദ്രത്തില്‍നിന്നു മൊബൈല്‍ ഫോണും പണവും കാണാതായതുമായി ബന്ധപ്പട്ട് ആള്‍ക്കൂട്ടം നടത്തിയ വിസ്താരത്തെയും കൈയേറ്റത്തെയും തുടര്‍ന്നായിരുന്നു വിശ്വനാഥന്റെ മരണം. മൊബൈല്‍ ഫോണ്‍ കാണാതായതായി ആരോ മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനില്‍ അറിയിച്ചിരുന്നു. ഇയാളുടെ മൊഴിയെടുക്കാന്‍ പോലീസ് തയാറാകണം. വിശ്വനാഥന്‍ മരിച്ച സംഭവത്തില്‍ തിക്താനുവഭങ്ങളാണ് കുടുംബാംഗങ്ങള്‍ക്കു പോലീസില്‍നിന്നുണ്ടായത്. വിശ്വനാഥന്‍ ആള്‍ക്കൂട്ട വിസ്താരത്തിന് ഇരയായ ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ കുറെ ആസുത്രിതമായി നശിപ്പിച്ചെന്നു സംശയിക്കണം.
ആദിവാസികളെയും ദളിതരെയും കുഴപ്പക്കാരും കള്ളന്‍മാരുമായി മുദ്രയടിക്കുന്ന മനോഭാവം പൊതുസമൂഹത്തില്‍ രൂപപ്പെടുകയാണ്. സര്‍ക്കാര്‍ അനാസ്ഥയാണ് ഇതിനു കാരണം. ആദിവാസികള്‍ക്കും ദളിതര്‍ക്കുമെതിരായ നീക്കങ്ങള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുന്നില്ല. പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ പ്രതികള്‍ക്ക് സഹായകമായ നിലപാടാണ് പലപ്പോഴും അധികാരികളില്‍നിന്നുണ്ടാകുന്നത്. സംസ്ഥാനത്തെ കമ്മീഷനുകള്‍ ഭരണവിലാസം കമ്മീഷനുകളാണ്. പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നിടത്ത് സര്‍ക്കാരിനെ രക്ഷിക്കാനാണ് കമ്മീഷനുകള്‍ ഓടിയെത്തുന്നത്. എക്‌സിക്യുട്ടീവ് അധികാരത്തോടെ കമ്മീഷനുകള്‍ പുനഃസംഘടിപ്പിക്കണമെന്നും കെ.പി.എം.എസ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.



Leave a Reply