വാളത്തൂര്‍ ചീരമട്ടം ക്വാറി: വയനാട് കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ രണ്ടിന്

കല്‍പ്പറ്റ: മൂപ്പൈനാട് പഞ്ചായത്തിലെ വാളത്തൂര്‍ ചീരമട്ടത്ത് കരിങ്കല്‍ ഖനനത്തിനു അനുവദിച്ച ലൈസന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടിന് രാവിലെ 10ന് കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ. ചീരമട്ടം ക്വാറി വിരുദ്ധ ആക്ഷന്‍ കമ്മിറ്റി, പൗരസമിതി, വയനാട് പ്രകൃതി സംരക്ഷണ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സമരം.
റെഡ് സോണില്‍ ഉള്‍പ്പെട്ടതും മണ്ണിളക്കിയുള്ള കൃഷിയും തൊഴിലുറപ്പു പദ്ധതി പ്രവൃത്തികളും വിലക്കിയതുമായ പ്രദേശത്ത് നിയമങ്ങള്‍ കാറ്റില്‍ പറത്തി അനുവദിച്ച ക്വാറി ലൈസന്‍സ് റദ്ദാക്കാന്‍ പഞ്ചായത്ത് വിമുഖത കാട്ടുകയും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി വിഷയത്തില്‍ മൗനം പാലിക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് ധര്‍ണയെന്ന് ആക്ഷന്‍ കമ്മിറ്റി സെക്രട്ടറി ഷാജി ലോറന്‍സ്, വൈസ് ചെയര്‍മാന്‍ സി.എം.റഹീം, പൗരസമിതി പ്രസിഡന്റ് വി.കെ.ഉമ്മര്‍, പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍.ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍, ട്രഷറര്‍ ബാബു മൈലമ്പാടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചീരമട്ടത്ത് കരിങ്കല്‍ ഖനനം ആരംഭിക്കുന്നത് അധികാരികള്‍ നിയമപരമായി തടയുന്നില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്ന് അവര്‍ വ്യക്തമാക്കി.
ക്വാറി തുടങ്ങുന്നതിനുള്ള അപേക്ഷ ഓഫീസില്‍ ആഴ്ചകളോളം ബോധപൂര്‍വം പിടിച്ചുവെച്ച് അപേക്ഷകനു അനൂകൂലമായ സാഹചര്യമൊരുക്കിയാണ് പഞ്ചായത്ത് സെക്രട്ടറി ലൈസന്‍സ് അനുവദിച്ചത്. ഇതിനെതിരെ ആക്ഷന്‍ കമ്മിറ്റി നല്‍കിയ പൊതുതാത്പര്യ ഹരജിയില്‍ ഹൈക്കോടതി പഞ്ചായത്തിനും ലൈന്‍സസ് ഉടമയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. അതിനാല്‍ പഞ്ചായത്ത് അനുവദിച്ച ലൈസന്‍സ് റദ്ദാക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍പേഴ്‌സനുമായ കലക്ടര്‍. കരിങ്കല്‍ ഖനനത്തിനു നീക്കം നടത്തുന്നയാളുടെ നിയമലംഘനം അനുവദിച്ചുകൊടുക്കുന്ന ഉത്തരവല്ല ഹൈക്കോടതി പുറപ്പെടുവിച്ചത്. എന്നിരിക്കെ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍പേഴ്‌സന്റെ നിലപാട് ക്വാറി ലൈസന്‍സിയെ വഴിവിട്ടു സഹായിക്കലാണ്.
സ്വകാര്യ വ്യക്തി ക്വാറി ലൈസന്‍സ് നേടിയ പ്രദേശം പഞ്ചായത്തിലെ 12,13 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്നതാണ്. രണ്ട് വാര്‍ഡ് ഗ്രാമസഭകളും കരിങ്കല്‍ ഖനനം അനുവദിക്കരുതെന്ന് ഒറ്റക്കെട്ടായി പ്രമേയം പാസാക്കി പഞ്ചായത്തിനു നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ലൈസന്‍സ് റദ്ദാക്കാന്‍
പഞ്ചായത്ത് ഭരണസമിതിയുടെ ഐകകണ്‌ഠ്യേന തീരുമാനിച്ചതുമാണ്. എന്നിട്ടും ലൈസന്‍സ് അനുവദിച്ച സെക്രട്ടറിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് തയാറായില്ല. വിഷയത്തില്‍ പഞ്ചായത്തും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയും കപടനാടകം കളിക്കുകയാണ്.
ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ പുത്തുമല, കടച്ചിക്കുന്ന് പ്രദേശങ്ങള്‍ക്കും കാന്തന്‍പാറ, സൂചിപ്പാറ വെള്ളച്ചാട്ടങ്ങള്‍ക്കും സമീപമാണ് വാളത്തൂര്‍ ചീരമട്ടം. പ്രദേശത്ത് മഴക്കാലത്ത് ഭൂമി നിരങ്ങിമാറല്‍ എന്ന ഭൗമപ്രതിഭാസം പതിവാണ്. 2019ല്‍ തയാറാക്കിയ ജില്ലാ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ്പ്ലാനിലും ഉള്‍പ്പെട്ടതാണ് സ്ഥലം. കഴിഞ്ഞ 15ന് കലക്ടറെ നേരില്‍ക്കണ്ടപ്പോള്‍ ഡി.ഡി.എം.എയുടെ അടുത്ത യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് അറിയിച്ചതെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.



Leave a Reply