April 25, 2024

ജില്ലയിലെ പ്രശ്‌നങ്ങളില്‍ പ്രത്യേക പരിഗണന :മന്ത്രി എ.കെ. ശശീന്ദ്രന്‍

0
20230403 164913.jpg
                               
ബത്തേരി :ജില്ലയിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ സര്‍ക്കാരിന് പ്രത്യേക പരിഗണനയെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. വനസൗഹൃദ സദസില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യജീവികളുടെ ആവാസ വ്യവസ്ഥയെ തകര്‍ക്കുന്ന മഞ്ഞക്കൊന്നയെ ശാസ്ത്രീയമായി നശിപ്പിക്കുന്ന നടപടികള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ കൈക്കൊളളുന്നത്. ജനവാസ മേഖലയിലേക്കിറങ്ങുന്ന കടുവകളെ പിടികൂടി മാറ്റി പാര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കും. കേന്ദ്ര-സംസ്ഥാന നിയമങ്ങളുടെ ചട്ടകൂടില്‍ നിന്നുകൊണ്ടുളള നടപടികളാണ് സ്വീകരിക്കുകയെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.
സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ നിയോജക മണ്ഡലങ്ങളിലെ വനം വന്യജീവി സംഘര്‍ഷങ്ങളുമായ് ബന്ധപ്പെട്ട വിഷയങ്ങളാണ് രണ്ടാം ഘട്ട വനസൗഹൃദ സദസ്സില്‍ പരിഗണിച്ചത്. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, കാര്‍ഷിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുജനങ്ങളും വനം വകുപ്പും തമ്മില്‍ ഊഷ്മളമായ ബന്ധം ഉറപ്പാക്കുന്നതിനും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാനും വന മേഖലയില്‍ സൗഹാര്‍ദ്ദ അന്തരീക്ഷം സൃഷ്ടിക്കാനും വനസൗഹൃദ സദസ് വേദിയായി. എം.എല്‍.എമാരായ ഐ.സി. ബാലകൃഷ്ണന്‍, ടി. സിദ്ദീഖ്, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആന്റ് ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ് ബെന്നിച്ചന്‍ തോമസ്, ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ രമേഷ്, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി. പുകഴേന്തി, നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍ കെ.എസ്. ദീപ, നോര്‍ത്തേണ്‍ റീജിയണ്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍ പി. മുഹമ്മദ് ഷബാബ്, സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്‌ന കരീം, കോഴിക്കോട് സി.എഫ്.എസ്. നരേന്ദ്ര ബാബു, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അബ്ദുള്‍ അസീസ്, വാര്‍ഡ് കൗണ്‍സിലര്‍ പി.എസ്. ലിഷ തുടങ്ങിയവര്‍ സംസാരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *