March 29, 2024

കാലതാമസം വേണ്ട സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണ് : മന്ത്രി എം.ബി.രാജേഷ്

0
20230529 181230.jpg

ബത്തേരി : സര്‍ക്കാരിന്റെ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്നും ഇവയെല്ലാം കാലതമാസമില്ലാതെ ജനങ്ങള്‍ക്ക് പ്രാപ്യമാകുമ്പോഴാണ് നീതി പുലരുന്നതെന്നും തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കരുതലും കൈത്താങ്ങും സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല അദാലത്ത് സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക അദാലത്ത് പൊതുജനങ്ങള്‍ക്ക് ആശ്വാസമാവുകയാണ്. ഏതൊക്കെയോ കാരണത്താല്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പരാതികള്‍ പരിഹരിക്കുന്നതിനുള്ള വേദി കൂടിയായി മാറുകയാണ് കരുതലും കൈത്താങ്ങും. ജനങ്ങളുടെ പരാതികള്‍ക്ക് ഒരു വേദിയില്‍ പരിഹാരം കാണുകയാണ് ലക്ഷ്യം. ഇതിനായി സര്‍ക്കാര്‍ വകുപ്പുതല സംവിധാനങ്ങളെല്ലാം അദാലത്ത് വേദിയില്‍ സജ്ജമാക്കുന്നു. നിയമപരമായി തീര്‍പ്പുണ്ടാക്കാന്‍ കഴിയുന്ന എല്ലാ പരാതികളും ഈ അദാലത്തില്‍ പരിഹരിക്കാന്‍ കഴിയുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
അദാലത്തില്‍ റേഷന്‍ കാര്‍ഡിന് അപേക്ഷിച്ച പുതാടി സ്വദേശി വിജയന്‍, ഷഹര്‍ബാന എന്നിവര്‍ക്കുള്ള റേഷന്‍ കാര്‍ഡ് മന്ത്രി ഉദ്ഘാടന വേദിയില്‍ വിതരണം ചെയ്തു. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ അദ്ധ്യക്ഷത വഹിച്ചു. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. അജീഷ്, വി. അബൂബക്കര്‍, കെ. ദേവകി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഷാജി ജോസഫ് ചെറുകരക്കുന്നേല്‍, ഡി.എഫ്.ഒ ഷജ്‌ന കരീം, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *