മാനന്തവാടി മെഡിക്കൽ കോളേജിന് മാതൃശിശു സൗഹൃദ ആശുപത്രി അംഗീകാരം
മാനന്തവാടി: മാതൃ ശിശു മേഖലയിലുള്ള മികച്ച സേവനത്തിന് ദേശീയ ആരോഗ്യ ദൗത്യം (എന്‍.എച്ച്.എം.) നല്‍കുന്ന മാതൃശിശു സൗഹൃദ ആശുപത്രി അംഗീകാരം (മദര്‍ ബേബി ഫ്രണ്ട്ലി ഹോസ്പ്പിറ്റല്‍ ഇനിഷ്യേറ്റീവ്- എം.ബി.എഫ്.എച്ച്.ഐ- സര്‍ട്ടിഫിക്കേറ്റ്) വയനാട് ഗവ. മഡിക്കല്‍ കോളേജിന് ലഭിച്ചു. സംസ്ഥാനത്ത് 44 ആശുപത്രികള്‍ക്കാണ് ഈ അംഗീകാരം ലഭിച്ചത്. ഇന്‍ഡ്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (ഐ.എ.പി) കേരള, നാഷണല്‍ നിയോ നാറ്റോളജി ഫോറം (എന്‍.എന്‍.എഫ്) കേരള, കേരള ആരോഗ്യ സര്‍വകലാശാല, യുണൈറ്റഡ് നാഷന്‍സ് ഇന്റര്‍ നാഷണല്‍ ചില്‍ഡ്രണ്‍സ് എമര്‍ജന്‍സി ഫണ്ട് (യുനിസെഫ്), കേരള ഫെഡറേഷന്‍ ഓഫ് ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി (കെ.എഫ്.ഒ.ജി.), ടെയിന്‍ഡ് നഴ്സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ടി.എന്‍.എ.ഐ.) എന്നിവയുടെ സഹകരണത്തോടെയാണ് എന്‍.എച്ച്.എം മാതൃശിശു സൗഹൃദ ആശുപത്രി അംഗീകാരം നല്‍കുന്നത്.ആശുപത്രികളില്‍ അമ്മയ്ക്കും കുഞ്ഞിനും നല്‍കുന്ന പരിചരണം, മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കല്‍, കുട്ടികളുടെ വാര്‍ഡുകളില്‍ ലഭിക്കുന്ന സേവനം തുടങ്ങി പത്തോളം മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നത്.
ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ വയനാട് ഗവ. മെഡിക്കല്‍ കോളേജിന് മാത്രമാണ് അംഗീകാരം. ജീവനക്കാരുടെ കൂട്ടായ പരിശ്രമമാണ് ഇത്തരം അംഗീകാരത്തിനു പിന്നിലെന്ന് ആര്‍.എം.ഒ. ഡോ. അര്‍ജുന്‍ ജോസ് പറഞ്ഞു. ബുധനാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജില്‍ നിന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പുരസ്‌കാരം സ്വീകരിക്കും.
Leave a Reply