June 20, 2026

പകര്‍ച്ചവ്യാധി പ്രതിരോധം: സ്ഥാപനങ്ങളിലെ ഡ്രൈ ഡേ ക്യാമ്പയിന് സിവില്‍ സ്റ്റേഷനില്‍ തുടക്കമായി

0
IMG_20260620_165322
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളെ വേരോടെ പിഴുതെറിയാന്‍ ലക്ഷ്യമിട്ട് വയനാട് ജില്ലയില്‍ കൂട്ടായ പ്രതിരോധം. ഓഫീസുകള്‍ കടകള്‍ മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ കൊതുക് മുട്ടയിടുന്ന വെള്ളം കെട്ടിക്കിടക്കുന്ന ഉറവിടങ്ങള്‍ കണ്ടെത്തി നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ആരോഗ്യകേരളവും ജില്ലാ വെക്ടര്‍ കണ്ട്രോള്‍ യൂണിറ്റും കൈകോര്‍ത്ത ജില്ലാതല ‘ഡ്രൈ ഡേ’ ക്യാമ്പയിന് കല്‍പറ്റ സിവില്‍ സ്റ്റേഷനില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ എന്നിവരുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനിലെയും പരിസരത്തെയും കൊതുകുകളുടെ ഉറവിട വിമുക്ത പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ പ്രവര്‍ത്തകരും ജനപ്രതിനിധികളും ജീവനക്കാരും ഒത്തുചേര്‍ന്നു.

 

രോഗമുണ്ടാകുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്നതാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാര്‍ഗ്ഗമെന്നും കൊതുകുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കാന്‍ എല്ലാവരും ആഴ്ചയിലൊരിക്കല്‍ കുറച്ച് നേരം നിര്‍ബ്ബന്ധമായും ചെലവഴിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കൊതുകുകളെ തുരത്താന്‍ ഓരോ ആഴ്ചയിലും ഡ്രൈ ഡേ ആചരിക്കാന്‍ സ്വമേധയാ തയ്യാറാകണമെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ പറഞ്ഞു. വെള്ളിയാഴ്ചകളില്‍ വിദ്യാലയങ്ങളിലും, ശനിയാഴ്ചകളില്‍ ഓഫീസുകള്‍, കടകള്‍ തുടങ്ങിയ തൊഴിലിടങ്ങളിലും, ഒഴിവുദിനമായ ഞായറാഴ്ച സ്വന്തം വീടുകളിലുമാണ് നിര്‍ബന്ധമായും ‘ഡ്രൈ ഡേ’ ആചരിക്കേണ്ടത്. വീടുകളുടെയും സ്ഥാപനങ്ങളുടെയും ചുറ്റുവട്ടത്ത് അലക്ഷ്യമായി കിടക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍, കുപ്പികള്‍, ടയറുകള്‍, ചിരട്ടകള്‍, പാളകള്‍, മുട്ടത്തോട്,പാഴ് വസ്തുക്കള്‍ തുടങ്ങിയവ കണ്ടെത്തി സംസ്‌കരിക്കുകയോ വെള്ളം വീഴാത്ത രീതിയില്‍ മാറ്റിവെക്കുകയോ ചെയ്യുന്നതിലൂടെ കൊതുകിന്റെ വളര്‍ച്ചാചക്രം പൂര്‍ണ്ണമായും തടയാന്‍ സാധിക്കും.

 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സല്‍മ മോയി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.ടി. രേഖ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വി.ആര്‍. ഷീജ, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്യ വിജയകുമാര്‍, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. പി.എസ്. സുഷമ, എന്‍.പി.എന്‍.സിഡി നോഡല്‍ ഓഫീസര്‍ ഡോ. കെ.ആര്‍. ദീപ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ സുമ ,ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ. എം. മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ പി. എം. ഫസല്‍, ബയോളജിസ്റ്റ് കെ. ബിന്ദു, ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്ട്രോള്‍ ഓഫീസര്‍ വി.പി. കൃഷ്ണകുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ (ഐ ഇ സി) വി.യു ജോബി, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് എസ് ശ്രീനിഷ് എന്നിവര്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. വിവിധ വകുപ്പ് മേധാവികളും ജീവനക്കാരും പരിപാടിയില്‍ സംബന്ധിച്ചു. നമ്മുടെ സുരക്ഷയ്ക്കും നാടിന്റെ ആരോഗ്യത്തിനും വേണ്ടി വരും ദിവസങ്ങളിലും ഡ്രൈ ഡേ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കാനാണ് ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും തീരുമാനം. ഞായറാഴ്ച വീടുകളിലെ ഡ്രൈ ഡേ ക്യാമ്പയിന് തുടക്കമാകും

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *