August 2, 2026

കടബാധ്യത തീര്‍ക്കാന്‍ സ്ഥലം വില്‍ക്കാന്‍ സാധിക്കുന്നില്ല; ദുരിതത്തിലായി കുടുംബം

0
20230804_094222.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: 20 ലക്ഷത്തോളം രൂപ വരുന്ന കടബാധ്യത തീര്‍ക്കാന്‍ സ്ഥലം വില്‍ക്കാന്‍ ശ്രമം നടത്തുമ്പോഴും അതിന് സാധിക്കുന്നില്ലെന്ന പരാതിയുമായി കുടുംബനാഥന്‍. സുല്‍ത്താന്‍ ബത്തേരി പാപ്ലശേരി സ്വദേശിയായ കോയേരി വീട്ടില്‍ സലീമാണ് സ്വന്തം സ്ഥലം വില്‍ക്കാന്‍ ആരെങ്കിലും സഹായിക്കണമെന്ന ആവശ്യവുമായി വാര്‍ത്താസമ്മേളനം നടത്തിയത്. അസുഖബാധിതയായ ഭാര്യയും, നാല് പെണ്‍കുട്ടികളുമടങ്ങുന്നതാണ് തന്റെ കുടുംബമെന്നും, ആത്മഹത്യ ചെയ്താല്‍ കടം തന്നവരെ കൂടി വഞ്ചിക്കുന്നതിന് തുല്യമാകുമെന്നും കരുതിയാണ് സ്ഥലം വിറ്റ് എല്ലാ ബാധ്യതയും തീര്‍ക്കാന്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ അതിന് സാധിക്കുന്നില്ലെന്നും സലീം പറഞ്ഞു. പാപ്ലശേരിയില്‍ 17 സെന്റ് സ്ഥലവും വീടുമാണുള്ളത്. മൂന്നാനക്കുഴിയില്‍ നിന്നും ഇരുളത്തിലേക്ക് പോകുന്ന വഴിയില്‍ പാപ്ലശേരിക്കും ഗാന്ധിനഗര്‍ റോഡിനും ഇടയിലാണ് സ്ഥലവും വീടും സ്ഥിതി ചെയ്യുന്നത്. എന്നാല്‍ സ്ഥലത്തിന് തുച്ഛമായ തുകയാണ് പറയുന്നത്. ഇതുമൂലം ആളുകളുടെ കടം വീട്ടുന്നതിനായി നിലവിലുള്ള സ്ഥലം വില്‍ക്കാന്‍ നിരന്തരമായി ശ്രമിക്കുമ്പോഴും അതിന് സാധിക്കുന്നില്ല. സൗജന്യമായി സ്ഥലം വാങ്ങി നല്‍കുന്ന സന്നദ്ധപ്രവര്‍ത്തകരോ സംഘടനകളോ ആരെങ്കിലും പ്രസ്തുത സ്ഥലം വാങ്ങിയാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാല് പെണ്‍മക്കളില്‍ രണ്ട് പേരെ വിവാഹം കഴിപ്പിച്ച് അയച്ചു. രണ്ട് പെണ്‍കുട്ടികളില്‍ ഒരാള്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗിന് ചേര്‍ന്നെങ്കിലും സാമ്പത്തികബാധ്യത മൂലം പഠനം നിര്‍ത്തേണ്ടി വന്നു. ഇളയ മകള്‍ ഇരുളം ഗവ. ഹൈസ്‌ക്കൂളില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയാണ്. തട്ടുകട നടത്തുന്നതിനായി പാപ്ലശേരിയില്‍ വീടിനോട് ചേര്‍ന്നു ഷെഡ്ഡ് കെട്ടിയെങ്കിലും കട തുടങ്ങാനായില്ല. നിലവില്‍ 11 ലക്ഷം രൂപയോളം വ്യക്തികളില്‍ നിന്നും ആറ് ലക്ഷം രൂപ കുടുംബശ്രീയിലും, ബാങ്കുകളില്‍ രണ്ടുലക്ഷവുമടക്കം 20 ലക്ഷത്തോളം രൂപ കടമുണ്ട്. സ്ഥലം വിറ്റ് എല്ലാ കടങ്ങളും വീട്ടി സ്വസ്ഥമാകാണമെന്നാണ് ആഗ്രഹം. മാതാവ് ലിവര്‍ സീറോറിസ് ബാധിച്ച് കിടപ്പിലായി മരിച്ചു. അന്ന് ഓട്ടോ തൊഴിലാളിയായിരുന്നു. എന്നാല്‍ ഉമ്മയുടെ രോഗം മൂലം ആ സമയത്ത് ജോലിക്ക് പോകാന്‍ സാധിച്ചില്ല. വാര്‍ദ്ധക്യസഹജമായ രോഗങ്ങള്‍കൊണ്ട് കിടപ്പിലായ പിതാവും മരിച്ചു. ഉമ്മയുടെ ആരോഗ്യസ്ഥിതി വഷളായതോടെ വീട്ടില്‍ തന്നെ നില്‍ക്കേണ്ടി വന്നു. ആ സാഹചര്യത്തില്‍ വീണ്ടും പലിശക്കടക്കം പണം കടം വാങ്ങി വലിയ ബാധ്യതയുണ്ടായി. പണം തിരിച്ചടക്കാന്‍ കഴിയാതെ വന്നതോടെ നിലവില്‍ വായ്പയെടുത്ത് നല്‍കിയ കുടുംബശ്രീ അംഗങ്ങളും ബുദ്ധിമുട്ടിലായിരിക്കുകയാണ്. കഴിഞ്ഞ 29ന് 15 ദിവസത്തിനകം പണം അടക്കണമെന്നാണ് ബാങ്കില്‍ നിന്നും പറയുന്നത്. എന്നാല്‍ അതിന് സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഏകവഴിയായ സ്ഥലം വില്‍പ്പന നടത്തി എല്ലാകടങ്ങളും വീട്ടാന്‍ ആരെങ്കിലും സഹായിക്കണമെന്നും സലീം പറഞ്ഞു.
സലീം നമ്പര്‍: 9526365995
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *