August 3, 2026

ജല സമൃദ്ധിയിൽ നിറഞ്ഞ ‘കേണി’കൾ എവിടെ?..

0
20230812_132742.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: വയനാടൻ ഗോത്രസമുദായത്തിന്റെ ആചാരങ്ങളിലും വിശ്വാസങ്ങളിലും ദൈന്യദിന ജീവിതത്തിലും ഏറ്റവും പ്രധാന പങ്കുവഹിച്ചിരുന്ന ജല സംരക്ഷണ മാതൃകയായ കേണികൾ ഇല്ലാതായി. കേണിയെന്നാൽ കിണർ എന്നാണർഥം. പ്രകൃതിയിൽനിന്നും മുളപ്പൊട്ടിയ ഉറവകളിലേക്ക് ഉള്ളു തുരന്ന മരത്തടികൾ വയലുകളോട് ​ചേർന്നുള്ള സ്ഥലങ്ങളിൽ ഭൂമിയിലേക്ക് താഴ്ത്തിയാണ് കേണി രൂപപ്പെടുത്തുന്നത്. പന, ആഞ്ഞിലി, പ്ലാവ് എന്നീ മരങ്ങളുടെ തടികളാണ് ഇതിനായി ഉപയോഗിക്കുക. അടിയിൽ മണലും മറ്റും ഇടും. വേനലിലും ഒട്ടും വറ്റാത്ത ഉറവകൾ സമ്മാനിക്കും ഈ കേണികൾ. ഏത് കാലാവസ്ഥയിലും നല്ല തെളിഞ്ഞ വെള്ളമാണ് കേണിയിൽ കാണുക. കൃഷി ഉപജീവനമാക്കിയ ആദിവാസികളാണ് കേണിയെന്ന സമ്പ്രദായം തുടങ്ങിയതും നിലനിർത്തുന്നതും. 500 വർഷം വരെ പഴക്കമുള്ള കേണികളുണ്ടെന്നാണ് പഴമക്കാർ പറയുന്നത്. കുടിവെള്ളം കിട്ടാനുള്ള ഏറ്റവും ചെലവ് കുറഞ്ഞ സാ​ങ്കേതിക മാർഗം ഉപയോഗിച്ചാണ് കേണി നിർമ്മിച്ചിരുന്നത്. മുമ്പ് കുറിച്യ-കുറുമ സമുദായത്തിന്റെ ഒരു ദിവസം തുടങ്ങുന്നത് തന്നെ കേണിയിൽനിന്നുള്ള വെള്ളം എടുത്ത് ഉപയോഗിച്ചാണ്. ഇതിൽനിന്നുള്ള വെള്ളമാണ് ഭക്ഷണത്തിനും കുടിക്കാനും ഉപയോഗിച്ചിരുന്നത്. ആരാധന അനുബന്ധിച്ചുള്ള ആവശ്യങ്ങൾക്കും ഈ വെള്ളമാണ് ഉപയോഗിക്കുക. പവിത്രമായിട്ടാണ് ഇവർ കേണിയെ കണ്ടിരുന്നത്. കുഞ്ഞു ജനിച്ചാൽ വായിൽ ഉറ്റിക്കുന്ന ആദ്യജലവും മരണാനന്തര ചടങ്ങുകൾ, വിവാഹ ചടങ്ങുകൾ എന്നിവക്കെല്ലാം കേണിയിലെ വെള്ളം നിർബന്ധം. എന്നാൽ, കാലം മാറിയതോടെ ഭൂരിഭാഗവും പേരും കേണിയെ തഴഞ്ഞു. കൂടാതെ കാലാവസ്ഥ മാറ്റവും മഴ കുറഞ്ഞതും വയലുകൾ ഇല്ലാതായതും കേണികളുടെ നിലനിൽപ്പിന് ഭീഷണിയായി. പുതുതലമുറകൾക്ക് കേണികളിൽ വിശ്വാസമില്ലാത്തതും ഇതിന്റെ നാശത്തിന് മറ്റൊരുകാരണമായി. മരത്തടികൾക്ക് പകരം കോൺക്രീറ്റ് റിങ് ഇറക്കാൻ ശ്രമിച്ചതും ഉറവകൾ ഇല്ലാതാക്കി. മുമ്പ് നൂറുകണക്കിന് കേണികൾ വയനാട്ടിലുണ്ടായിരുന്നു. എന്നാൽ, വിരലിൽ എണ്ണാവുന്ന കേണികൾ മാത്രമാണ് നിലവിലുള്ളത്. പെയ്യുന്ന മഴയുടെ അളവ് കുറഞ്ഞു. ഭൂമിയിലേക്ക് വെള്ളം ഇറങ്ങിയാൽ മാത്രമേ കേണികൾ നിലനിൽക്കുക. കൈയേറ്റം മൂലം ചതുപ്പുകളും വയലുകളും ഇല്ലാതായി. കീടനാശിനികളുടെ അമിത ഉപയോഗം മണ്ണി​ന്റെ ഘടനമാറ്റി. ജലത്തെ പിടിച്ചു നിർത്താനുള്ള മണ്ണിന്റെ ശേഷി ഇല്ലാതായി. ഇതും കേണികളുടെ നിലനിൽപ്പിന് ഭീഷണിയായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *