September 16, 2026

മാനന്തവാടി നഗരസഭ ബോര്‍ഡ് യോഗത്തില്‍ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ വാക്കേറ്റം

0
eiA0OG579594.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി നഗരസഭ ബോര്‍ഡ് യോഗത്തില്‍ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ വാക്കേറ്റവും തുടര്‍ന്ന് ഉന്തും തള്ളുമുണ്ടായി. മാനന്തവാടി നഗരസഭയുടെ എരുമത്തെരുവ് മത്സ്യമാര്‍ക്കറ്റിന്റെ മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ പുതിയ മാര്‍ക്കറ്റ് അനുവദിക്കില്ലെന്ന ബൈലോ ഭേദഗതി ചെയ്യണമെന്ന തങ്ങളുടെ ആവശ്യം അജണ്ടയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന പരാതിയുമായി യോഗം തുടങ്ങിയപ്പോള്‍ തന്നെ എല്‍.ഡി.എഫ് അംഗങ്ങള്‍ പ്രതിഷേധവുമായെത്തുകയും വാക്കൗട്ട് നടത്തുകയും ചെയ്തിരുന്നു. ബൈലോ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ചപ്പോള്‍ നഗരസഭയ്ക്ക് അനുകൂലമായ വിധിയാണ് ഉണ്ടായതെന്നും അതിനാലാണ് ഇക്കാര്യം ചര്‍ച്ചയ്‌ക്കെടുക്കാത്തതെന്നും ഭരണസമിതിയംഗങ്ങള്‍ പറഞ്ഞു.ഇറങ്ങിപ്പോയ എല്‍.ഡി.എഫ്. തിരിച്ചെത്തിയപ്പോഴേക്കും മറ്റു അജണ്ടകള്‍ എടുക്കാതെ 21-ാമത്തെ അജണ്ട ചര്‍ച്ചയ്‌ക്കെടുത്തത് വീണ്ടും പ്രശ്‌നമുണ്ടാക്കി. ക്രമ വിരുദ്ധമായി അജണ്ട അവതരിപ്പിച്ച് ഭരണ സമിതി പ്രമേയം പാസാക്കിയത് ചോദ്യം ചെയ്തത് ഇരു വിഭാഗം അംഗങ്ങള്‍ തമ്മിലുള്ള കൈയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു.തുടര്‍ന്ന് പ്രതിപക്ഷം യോഗ ഹാളില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.
മത്സ്യ മാര്‍ക്കറ്റ് വിഷയം മുന്നേ അജണ്ടയായി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടും അജണ്ട ചര്‍ച്ചയ്‌ക്കെടുക്കാത്തത് അപമാനിക്കുന്നതിന് തുല്യമാണെന്ന് ഇടതു കൗണ്‍സിലര്‍മാര്‍ പറഞ്ഞു.തുടര്‍ന്ന്എരുമത്തെരുവില്‍ മാര്‍ക്കറ്റിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന മത്സ്യവിപണന സ്റ്റാളിന് ലൈസന്‍സ് നല്‍കാനുള്ള അജണ്ട എല്‍.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയ സമയത്ത് ഇത് ചര്‍ച്ചയ്‌ക്കെടുത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്.
  എല്‍.ഡി.എഫിന്റെ കാലത്താണ് സ്റ്റാളിന് അനുമതി നല്‍കിയതെന്നും കോടതിവിധി നടപ്പാക്കുന്നത് മറ്റുള്ളവരെ അറിയിക്കാനാണ് വിഷയം അജണ്ടയാക്കിയതെന്നും ഭരണസമിതിയംഗങ്ങള്‍ പറഞ്ഞു. ഭരണസംവിധാനമില്ലാതിരുന്ന സമയത്ത് സെക്രട്ടറി മാത്രം തീരുമാനമെടുത്താണ് സ്റ്റാളിന് ലൈസന്‍സ് നല്‍കിയതെന്നും അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്റ്റാള്‍ അടച്ചു പൂട്ടിക്കണമെന്നും എല്‍.ഡി.എഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് യു.ഡി.എഫ്. കൗണ്‍സിലര്‍ അശോകന്‍ കൊയിലേരിയും എല്‍.ഡി.എഫ്. കൗണ്‍സിലര്‍ കെ.എം. അബ്ദുള്‍ ആസിഫും തമ്മില്‍ പിടിയും വലിയുമായി. പ്രശ്‌നമായതിനെ തുടര്‍ന്ന് മുഴുവന്‍ അജണ്ടയും ചര്‍ച്ചയ്‌ക്കെടുക്കാനായില്ല. ബാക്കി അജണ്ട ഉള്‍പ്പെടുത്തി ചൊവ്വാഴ്ച രണ്ടുമണി മുതല്‍ യോഗം ചേരും. വാക്കേറ്റവും കൈയ്യാങ്കളിയും ഉണ്ടായ സ്ഥിതിക്ക് മീറ്റിങ് ഹാളിലും ഓഫീസിലും സി.സി.ടി.വി ക്യാമറ സ്ഥാപിക്കാന്‍ നഗരസഭാ സെക്രട്ടറി ബന്ധപ്പെട്ടവര്‍ നിര്‍ദേശം നല്‍കി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *