നിപ;പനിയോടൊപ്പം ശക്തമായ തലവേദന,ക്ഷീണം, ഛർദ്ദി, തളർച്ച, ബോധക്ഷയം, കാഴ്ച മങ്ങുക എന്നിവയാണ് ലക്ഷണങ്ങൾ.ഉടൻ ചികിൽസ തേടണം
നിപ;പനിയോടൊപ്പം ശക്തമായ തലവേദന,ക്ഷീണം, ഛർദ്ദി, തളർച്ച, ബോധക്ഷയം, കാഴ്ച മങ്ങുക എന്നിവയാണ് നിപയുടെ പ്രധാന രോഗ ലക്ഷണങ്ങൾ.
ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടനെ ആരോഗ്യ കേന്ദ്രങ്ങളിലെത്തി ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.ശരീര സ്രവങ്ങൾ വഴിയാണ് രോഗം പകരുന്നത്. അതുകൊണ്ട്തന്നെ ചുമക്കുമ്പോഴും തുമ്മുമ്പോഴുമുള്ള ചെറു സ്രവകണങ്ങൾ മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ മാസ്ക് ഉപയോഗിക്കണം. ഇത്തരം രോഗികളെ പരിചരിക്കുന്നവരും അവരുമായി അടുത്തിടപഴകുന്ന സാഹചര്യമുള്ളവരും എൻ 95 മാസ്കും കയ്യുറകളും ഉപയോഗിക്കണം. കൈകൾ പല സ്ഥലങ്ങളിലും സ്പർശിക്കുന്നത് പരമാവധി ഒഴിവാക്കുകയും ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കഴുകുകയും വേണം. രോഗീ സന്ദർശനങ്ങളും പകർച്ചവ്യാധി സാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള യാത്രകളും ഒഴിവാക്കാൻ ശ്രദ്ധിക്കണം. ലക്ഷണങ്ങളുള്ള രോഗികൾ ഉപയോഗിച്ച വസ്ത്രങ്ങൾ, ബെഡ്ഷീറ്റ് മുതലായവ പ്രത്യേകം പുഴുങ്ങി അലക്കി വെയിലിൽ ഉണക്കുക. മുറികൾ അണുനാശിനി ഉപയോഗിച്ച് കഴുകുക.
പക്ഷി മൃഗാദികളുടെ കടിയേറ്റതോ നിലത്ത് വീണു കിടക്കുന്നതോ ആയ പഴങ്ങൾ ഉപയോഗിക്കരുത്. പഴങ്ങൾ നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക. തുറന്ന് വച്ച കലങ്ങളിൽ സൂക്ഷിച്ച കള്ള് പോലെയുള്ള പാനീയങ്ങൾ ഉപയോഗിക്കാതിരിക്കുക.
നിപ പോലുള്ള സാഹചര്യങ്ങളിൽ തെറ്റായ വാർത്തകളും പ്രചരണങ്ങളും തിരിച്ചറിയാനും തള്ളിക്കളയാനും എല്ലാവരും ശ്രദ്ധിക്കുകയും ശരിയായ വിവരങ്ങൾക്ക് സർക്കാർ കേന്ദ്രങ്ങളെ പിന്തുടരുകയും ചെയ്യുക. ഏതെങ്കിലും സഹായങ്ങൾക്ക് അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളെയോ ആരോഗ്യ പ്രവർത്തകരെയോ ബന്ധപ്പെടാവുന്നതാണ്






Leave a Reply