August 2, 2026

നാളികേര കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ലെന്നും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും കമ്പനിയുടെ ഷെയറുടമകള്‍

0
IMG_20231006_141040.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുല്‍പ്പള്ളി: മേഖലയില്‍ ആരംഭിച്ച നാളികേര കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ലെന്നും ഇതുസംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും കമ്പനിയുടെ ഷെയറുടമകള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കമ്പനി കര്‍ഷകരില്‍ നിന്നും സമാഹരിച്ച ഷെയര്‍തുക പലിശ സഹിതം കര്‍ഷകര്‍ക്ക് തിരിച്ചു നല്‍കണം. അല്ലെങ്കില്‍ കമ്പനി വില്‍പ്പന നടത്തിയ ഭൂമി കൈയ്യേറി അവകാശം സ്ഥാപിക്കും. കമ്പനി മൂവായിത്തില്‍പ്പരം ആളുകളെ അംഗങ്ങളായി ചേര്‍ത്തിട്ടുള്ളതും അവരില്‍നിന്നും ഒരു ഷെയറിന് 1000 രൂപ നിരക്കില്‍ വാങ്ങിയതുമാണ്. ഇതുപ്രകാരം 30 ലക്ഷത്തോളം രൂപ കമ്പനി സ്വരൂപിച്ചിട്ടുണ്ട്. ഇതില്‍നിന്നും അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് പുല്‍പ്പള്ളിയില്‍ 30 സെന്റ് സ്ഥലം കമ്പനിയുടെ പേരില്‍ വാങ്ങിയത്. ആരുമറിയാതെ ഈ സ്ഥലമിപ്പോള്‍ 46 ലക്ഷം രൂപയ്ക്ക് വിറ്റിരിക്കുകയാണ്. കമ്പനി ജനറല്‍ ബോഡിയോഗം വിളിക്കാതെയാണ് ഈ കച്ചവടമെല്ലാം നടത്തിയിരിക്കുന്നത്. ഇതെല്ലാം പ്രശ്നമാകുമെന്ന് കണ്ടപ്പോള്‍ 1000 രൂപ വീതമുള്ള ഷെയര്‍ തുക തിരിച്ച് നല്‍കാമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നതെന്നും ഷെയറുടമകള്‍ ആരോപിച്ചു.ഒമ്പത് വര്‍ഷത്തോളം തങ്ങളുടെ ഷെയര്‍തുക കൈയ്യില്‍വെച്ച് ഉപയോഗിച്ച ശേഷം അതിന്റെ പലിശപോലും തരില്ലെന്നാണിപ്പോള്‍ കമ്പനി അധികൃതരുടെ നിലപാട്.കമ്പനിയുടെ പേരില്‍ വന്‍ തട്ടിപ്പും അഴിമതിയും നടത്തിയിട്ടുള്ളതായും ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ സംരംഭങ്ങളില്‍ നിന്നും വന്‍തോതില്‍ സബ്സിഡികള്‍ കൈപ്പറ്റിയിട്ടുള്ളതായും വായ്പകള്‍ എടുത്തിട്ടുള്ളതായും വിവരമുണ്ടെന്നും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഭാവിപ്രവര്‍ത്തനങ്ങള്‍ ആലോചിക്കുന്നതിനായി ഒക്ടോബര്‍ 15ന് പാടിച്ചിറയില്‍ കര്‍ഷകരുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്നും അംഗങ്ങള്‍ പറഞ്ഞു. മനോജ് കടുപ്പില്‍, ജെയിംസ് മാത്യു, പോള്‍ കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *