മുഖ്യമന്ത്രിയുടെ കേരളീയം പരിപാടി വഞ്ചനാപരമെന്ന് യു .ഡി.എഫ്.
കൽപ്പറ്റ : നവംബർ 23 ന് വയനാട് ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും മന്ത്രി പരിവാരങ്ങളുമായി മുഖ്യമന്ത്രി നടത്തുന്ന കേരളീയം പരിപാടി ജില്ലയിലെ ജനങ്ങളെ കബളിപ്പിക്കാനാണെന്നും, വയനാട് പാക്കേജ് ഉൾപ്പടെ ജില്ലയിലെ പ്രധാന വിഷയങ്ങളിൽ മുഖ്യമന്ത്രി നടത്തിയ വാഗ്ദാനങ്ങൾ പാലിക്കാതെ പാഴ്വാക്കായി മാറിയിരിക്കുകയാണെന്നും, ഇപ്പോൾ മുഖ്യമന്ത്രി നടത്തുന്ന കേരളീയം പരിപാടി വഞ്ചനാപരമാണെന്നും ജില്ലാ യു.ഡി.എഫ്. നേതൃയോഗം കുറ്റപ്പെടുത്തി. വയനാട്ടിലെ പ്രധാന വിഷയങ്ങളായ ചുരം റോഡ്, തുരങ്ക പാത, ബദൽ പാതകൾ, മെഡിക്കൽ കോളേജ്, വന്യജീവി പ്രശ്നം, രാത്രി കാല ഗതാഗത പ്രശ്നം, എയർ സ്ട്രിപ്പ്, നഞ്ചങ്കോട് റെയിൽവേ തുടങ്ങി വയനാടിനെ പ്രധാനമായി ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങളിൽ നിന്നും സർക്കാർ പുറം തിരിഞ്ഞ് നിൽക്കുകയാണ്. ട്രഷറികളിൽ നിന്ന് 5 ലക്ഷത്തിന് മുകളിൽ ബില്ല് പോലും മാറാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. കേരള ജനതയെ മുഴുവൻ കടത്തിലാക്കി കോടിക്കണക്കിന് രൂപ ചെലവഴിച്ച് മുഖ്യമന്ത്രിയും പരിവാരങ്ങളും നടത്തുന്നത് ധൂർത്താണെന്നും സർക്കാരിൻറെ ഇത്തരം പൊള്ളത്തരം ജനങ്ങളുടെ മുമ്പിൽ തുറന്ന് കാണിക്കുന്നതിന് പ്രതിഷേധ സംഗമങ്ങൾ, വാഹന പ്രചാരണ ജാഥകൾ തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.
യോഗം അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു. യു.ഡി.എഫ്. ജില്ലാ ചെയർമാൻ കെ.കെ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. ജില്ലാ കൺവീനർ കെ.കെ. വിശ്വനാഥൻ സ്വാഗതം പറഞ്ഞു. ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, പി.പി. ആലി, നിസാർ അഹമ്മദ്, വി.എ. മജീദ്, ഒ.വി. അപ്പച്ചൻ, ഹാരിസ് പടിഞ്ഞാറത്തറ, ടി. ഹംസ, എം.എ. ജോസഫ്, കെ.വി. പോക്കർ ഹാജി, അബ്ദുള്ള മാടക്കര, സി.ജെ. വർക്കി, ജോസ് തടത്തിൽ, സി.പി. മൊയ്തു ഹാജി, എം.എ. അസൈനാർ എന്നിവർ സംസാരിച്ചു.





Leave a Reply