കാട്ടാനശല്യം തുടർകഥയാകുന്നു; കർഷകർ ആശങ്കയിൽ
പനമരം: ഒരിടവേളക്കു ശേഷം വീണ്ടും പൂതാടി, പനമരം പഞ്ചായത്തുകളിലെ നടവയൽ, ചീങ്ങോട്, മണൽവയൽ, ചെഞ്ചടി തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാനശല്യം തുടർകഥയാകുന്നു. ജനവാസ മേഖലകളിൽ ഇറങ്ങുന്ന കട്ടനാക്കൂട്ടം വാഴ, കാപ്പി, തെങ്ങ്, കമുക്, കപ്പ എന്നിവ വ്യാപകമായി നശിപ്പിക്കുകയാണ്. സൗത്ത് സെക്ഷൻ വനത്തിൽ നിന്നുമാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത്. ദിനംപ്രതി കാട്ടാനശല്യം രൂക്ഷമായതോടെ കർഷകർ ദുരിതത്തിലായിരിക്കുകയുമാണ്. രാത്രിയായാൽ കൃഷിയിടത്തിലെത്തുന്ന കാട്ടാനക്കൂട്ടം വീട്ടുമുറ്റത്തെ പച്ചക്കറിക്കൃഷികളും തിന്നും, ചവിട്ടിയും നശിപ്പിക്കുകയാണ്. വന്യമൃഗശല്യ പ്രതിരോധത്തിനായി വനംവകുപ്പ് നിർമിച്ച പ്രതിരോധ സംവിധാനങ്ങൾ തകർത്തിട്ടാണ് കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിലെത്തുന്നത്. എത്രയും വേഗത്തിൽ കാട്ടാന ശല്യത്തിന് അറുതി വരുത്തണമെന്നാണ് കർഷകരുടെ ആവശ്യം.
Leave a Reply