കറുത്ത പൊന്നിന് കൃഷി നാശം ആശങ്കയിലായി കർഷകർ
മീനങ്ങാടി: കറുത്ത് പൊന്ന് എന്ന ഖ്യാതി നേടിയ വയനാടൻ കുരുമുളക് തോട്ടങ്ങളിൽ കൃഷി നാശം.തോട്ടങ്ങളിൽ ദ്രുതവാട്ടവും മഞ്ഞളിപ്പ് രോഗം വ്യാപകമായിട്ടുണ്ട്.കീടബാധയെ തുടർന്ന് കുരമുളക് തോട്ടങ്ങൾ നാശത്തിന്റെ വക്കിലാണ്. ഇപ്പോൾ മുളകിന് മാന്യമായ വിലയുണ്ട്. എന്നാൽ വിളവെടുപ്പ് സമയമാകുമ്പഴേക്കും വാടി കരിയുന്ന സ്ഥിതിയാണ്.
നൂറുകണക്കിന് കർഷകരെയാണ് മഞ്ഞളിപ്പ് രോഗം ആശങ്കയിലാക്കുന്നത്. രണ്ടായിരത്തിന് ശേഷമാണ് ജില്ലയിലെ കുരുമുളക് തോട്ടങ്ങളിൽ മഞ്ഞളിപ്പും ദ്രുത വാട്ടവും വ്യാപകമായത്.
ഹെക്ടർ കണക്കിന് തോട്ടങ്ങൾ രോഗ ബാധയെ തുടർന്ന് നശിക്കുകയും കർഷകർ വലിയ പ്രതിസന്ധിയിലാവുകയും ചെയ്തു. പിന്നീട് ചില തോട്ടങ്ങളിൽ വീണ്ടും കുരുമുളക് ചെടികള്‍ നട്ടുവളർത്തിയിരുന്നു. വീണ്ടും ദ്രുതവാട്ടവും മഞ്ഞളിപ്പും വർധിച്ചതോടെ കർഷകർ ആശങ്കയിലാണ്.
1990കളിലാണ് ദ്രുതവാട്ട രോഗം കുരുമുളകില്‍ കണ്ടു തുടങ്ങിയത്. രോഗം ബാധിച്ചാൽ ചെടിയുടെ ഇലയും തണ്ടും ദിവസങ്ങള്‍ക്കുള്ളില്‍ മഞ്ഞളിപ്പുണ്ടായി നശിക്കും. ഇപ്പോൾ വില ഉയര്‍ന്നിട്ടുണ്ടെങ്കിലും വിളവെടുപ്പ് വളരെ കുറഞ്ഞു.
കുരുമുളകിന്റെ നാശം തടയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സ്പൈസസ് ബോര്‍ഡ് മുഖേന നടപ്പാക്കിയ കുരുമുളക് ആവര്‍ത്തന കൃഷി ഫലം കണ്ടിരുന്നുവെങ്കിലും കീടബാധ കര്‍ഷകരെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പല മരുന്നുകളും നിർദേശിക്കുന്നുണ്ടെങ്കിലും വേണ്ടത്ര ഫലം ചെയ്യുന്നില്ലെന്നാണ് കർഷകർ പറയുന്നത്. അതേ സമയം കൃഷി വകുപ്പ് ഉദ്യോഗസ്ഥർ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും പരാതിയുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളിലും, ചെടികളുടെ പരിശോധനയിലും ശ്രദ്ധിക്കുന്നില്ലത്രെ





Leave a Reply