വാർത്തകൾക്ക് പിന്നാലെ മാനന്താവാടി സബ് കലക്ടർ ഓഫിസിലെ ജൂനിയർ സുപ്രണ്ടിന് ഒടുവിൽ സ്ഥലം മാറ്റം
മാനന്തവാടി : മൂന്ന് വർഷത്തിലധികമായി ഒരേ ഓഫിസിൽ തുടരുന്ന മാനന്താവാടി സബ് കലക്ടർ ഓഫിസിലെ ജൂനിയർ സുപ്രണ്ടിന് ഒടുവിൽ സ്ഥലം മാറ്റം. സ്ഥലം മാറ്റണമെന്ന റവന്യു മന്ത്രിയുടെയും ലാൻഡ് റവന്യു കമ്മീഷണറുടേയും ഉത്തരവ് മാസങ്ങളായിട്ടും നടപ്പിലാവാത്തത് സംബന്ധിച്ച് വാർത്തകൾ വന്നിരുന്നു. ജൂനിയർ സുപ്രണ്ട് എസ്. ഗീതയെ താലൂക്ക് ഓഫിസിലേക്ക് സ്ഥലം മാറ്റി കഴിഞ്ഞ ദിവസം സബ് കലക്ടറുടെ ഉത്തരവിറങ്ങി. അമ്പലവയൽ റവന്യു റിക്കവറി തഹസിൽ ദാറുടെ കാര്യാലയത്തിൽ ഡപ്യൂട്ടി തഹസിൽ ദാറായി ജോലി ചെയ്യുന്ന കെ.കെ. കൃഷ്ണകുമാറിനെയാണ് പകരം നിയമിച്ചിരിക്കുന്നത്. ജോലി ക്രമീകരണ വ്യവസ്ഥയിൽ നിയമിച്ച ജൂനിയർ സുപ്രണ്ടിനെ ഇത് റദ്ധാക്കി പഴയ ലാവണമായ താലൂക്ക് ഓഫിസിലേക്ക് മാറ്റുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്.
റവന്യു ഉത്തരവിന് പാലിക്കാത്തതിനെതിരേ സ്വകാര്യ വ്യക്തി നൽകിയ പരാതിയിൽ ആഗസ്ത് മൂന്നിനാണ് അടിയന്തിരമായി സ്ഥലം മാറ്റി നിയമിക്കുന്നതിന് ജില്ലാ കലക്ടർക്ക് മന്ത്രി നിർദേശം നൽകിയിരുന്നത്. തുടർന്ന് ജില്ലാ ഡപ്യൂട്ടി കലക്ടർ ഇതു സംബന്ധിച്ച് നിർദേശം നൽകിയെങ്കിലും നടപടി ഉണ്ടായിരിന്നില്ല.
റവന്യു വകുപ്പിൽ 2023 ലെ പൊതു സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് മെയ് 24ന് ലാന്റ് റവന്യു കമ്മീഷണർ ഇറക്കിയ ഉത്തരവിൽ മൂന്ന് വർഷത്തിലധികമായി ഒരേ ഓഫിസിൽ തുടരുന്നവരെ സ്ഥലം മാറ്റണമെന്ന് നിഷ്കർഷിച്ചിരുന്നു. എന്നാൽ, ജില്ലയിൽ സർക്കാർ ഉത്തരവുകൾക്കും സ്ഥലം മാറ്റ ചട്ടങ്ങൾക്കും വിരുദ്ധമായി വിവിധ ഓഫിസുകളിൽ നിരവധി ജീവനക്കാർ തുടരുന്നുണ്ട്. ക്ലർക്കുമാരുടെ സ്ഥലംമാറ്റത്തിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് ഭരണകക്ഷിയായ എൻ.ജി.ഒ യൂണിയൻ തന്നെ പരസ്യമായി രംഗത്തെത്തിയിരുന്നു. കലക്ടറേറ്റിൽ പത്തു വർഷത്തിലധികമായി ഒരേ ഓഫീസിൽ മാത്രം ജോലി ചെയ്യുന്ന ജീവനക്കാരുണ്ട്. സ്ഥലം മാറ്റക്കാര്യത്തിൽ സർവീസ് സംഘടനകളുമായി ചർച്ചചെയ്ത് സർക്കാർ മാനദണ്ഡങ്ങൾ നിശ്ചയിച്ചതിനുശേഷവും വർക്കിങ് അറേഞ്ച്മെന്റിന്റെ പേരിൽ ഭരണ സ്വാധീനമുള്ളവർ പ്രധാന ഓഫീസുകളിൽ തുടരുന്നുതിൽ ജീവനക്കാർക്കിടയിൽ അമർഷം ശക്തമായിട്ടുണ്ട്.





Leave a Reply