September 3, 2026

കാണാതായ സഹോദരിയെ കൊന്ന് കുഴിച്ചുമൂടിയതായി പരാതി ; ചുരുളഴിക്കാൻ വീടിന് സമീപം കുഴിമാന്തി പരിശോധന നടത്തി 

0
Img 20231219 200550
By ന്യൂസ് വയനാട് ബ്യൂറോ

 

വരയാല്‍: കാണാതായ തന്റെ സഹോദരിയെ സഹോദരന്‍ കൊന്ന് കുഴിച്ചുമൂടിയതായി സംശയിക്കുന്നുവെന്ന പരാതിയുമായി വീട്ടമ്മ രംഗത്ത്. വരയാല്‍ 41 ആം മൈല്‍ കുറ്റിലക്കാട്ടില്‍ കുഞ്ഞിമോള്‍ എന്ന ബീനയാണ് തന്റെ സഹോദരി ഷൈനിയെ കൊന്ന് കുഴിച്ചുമൂടിയതായുള്ള സംശയവുമായി തലപ്പുഴ പോലീസിനെ സമീപിച്ചത്. ഇവരുടെ സഹോദരന്‍ നിധീഷിനെതിരെയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ബീനയുടെ പരാതി പ്രകാരം 2023 ഫെബ്രുവരിയില്‍ ഷൈനിയെ കാണാതായതിന് മിസ്സിംഗ്‌കേസെടുത്ത് അന്വേഷണമാരംഭിച്ച തലപ്പുഴ പോലീസ് ഇന്ന് എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് മാനന്തവാടി തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിന്റേയും, ഡിവൈഎസ്പി പി.എല്‍ ഷൈജുവിന്റെയും നേതൃത്വത്തില്‍ മുന്‍പ്‌ഷൈനിയും കുടുംബവും താമസിച്ചിരുന്ന വീടിന്റെ മുറ്റത്തിനോട് ചേര്‍ന്ന ഭാഗവും മറ്റും ഹിറ്റാച്ചി ഉപയോഗിച്ച് കുഴിയെടുത്തു പരിശോധിച്ചു. പരിശോധനയില്‍ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള വിദ്വേഷം കൊണ്ടാണ് ബീന തനിക്കെതിരെ പരാതി നല്‍കിയതെന്ന് ആരോപണ വിധേയനായ നിധീഷ് പറഞ്ഞു.

 

2005 ഏപ്രില്‍ മാസം മുതലാണ് കാണാതായത്. ഇവരുടെ അമ്മയോടൊപ്പമാണ് ഷൈനി താമസിച്ച് വന്നിരുന്നത്. ഈ സമയം ബീന വിദേശത്തായിരുന്നു. ഇടയ്ക്ക് ലീവിന് നാട്ടില്‍ വന്നപ്പോഴാണ് ഷൈനി യെ കാണാതായ വിവരം അറിയുന്നത്. ആദ്യം അമ്മയും സഹോദരന്‍മാരും ഷൈനി വിദേശത്തേക്ക് പോയെന്നായിരുന്നു പറഞ്ഞിരുന്നത്. പിന്നീട് ബീന തറവാടിനടുത്ത് സ്ഥലം വാങ്ങുകയും വീടുവെക്കുകയും അമ്മയുമായി കൂടുതല്‍ അടുക്കുകയും ചെയ്തു. അമ്മയുമായി കൂടുതല്‍ അടുത്തിടപഴകാന്‍ അവസരം കിട്ടിയപ്പോള്‍ അമ്മയും, മറ്റൊരു സഹോദരന്‍ കുര്യനുമാണ് തന്നോട് ഷൈനി കൊല ചെയ്യപെട്ടെന്നുള്ള കാര്യം പറഞ്ഞതെന്ന് ബീന പറയുന്നു.

 

ഹോം നഴ്‌സായി ജോലി ചെയ്ത് വന്നിരുന്ന

ഷൈനിയുടെ കൈവശം ധാരാളം പണവും സ്വര്‍ണവുമുണ്ടായിരുന്നെന്നും അത് സ്വന്തമാക്കാനാണ് ഷൈനിയെ കൊന്ന് വീടിന് ചേര്‍ന്ന് കുഴിച്ചുമൂടിയതെന്നും സംഭാഷണമധ്യേ സൂചനകള്‍ ലഭിച്ചതായും ബീന ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ബീന 2023 ഫെബ്രുവരിയില്‍ തലപ്പുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മാനന്തവാടി ഡി വൈ എസ് പി പി എല്‍ ഷൈജുവാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. തുടര്‍ന്ന് പരാതിക്കാരി ബീനയും, സഹോദരന്‍ കുര്യനും ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 1 ല്‍ മൊഴി നല്‍കുകയും ആയതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് നിധീഷിന്റെ വീടിന്റെ പരിസരത്ത് കുഴിയെടുത്ത് പരിശോധിക്കുകയുമായിരുന്നു.

 

ഫോറന്‍സിക് സര്‍ജന്‍ എസ് കൃഷ്ണകുമാര്‍ , മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ എംഎം അബ്ദുള്‍ കരീം, തലപ്പുഴ എസ് ഐ വിമല്‍ ചന്ദ്രന്‍ തുടങ്ങിയവരും പരിശോധനക്ക് നേതൃത്വം നല്‍കി.

 

എന്നാല്‍ ബീനയുമായി സ്വത്ത് തര്‍ക്കം നിലനില്‍ക്കുന്നതായും, അമ്മയും മറ്റ് സഹോദരങ്ങളുമെല്ലാം തന്റെ ഭാഗത്താണെന്നും നിധീഷ് പറയുന്നു. കുടുംബ സ്വത്ത് വിഭജിച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കവും നിയമ നടപടികളും നടക്കുന്നതിനിടയില്‍ മനഃപൂര്‍വ്വമാണ് കെട്ടിച്ചമച്ച കഥയുമായി ബീന രംഗത്ത് വന്നതെന്നും നിധീഷ് പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *