February 29, 2024

ആരവം സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് സമാപനമായി

0
20240128 183149

 

വെള്ളമുണ്ട: സംഘാടക മികവ് കൊണ്ടും കാണികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി മാറിയ വെള്ളമുണ്ട ആരവം സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് സമാപനമായി. കഴിഞ്ഞ ഒരു മാസത്തോളമായി വെള്ളമുണ്ട ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ കാല്‍പ്പന്തുകളിയുടെ ആവേശം വാനോളമുയര്‍ത്തിയ ടൂര്‍ണ്ണമെന്റിലെ ഫൈനല്‍ മത്സരത്തില്‍ യുണൈറ്റഡ് എഫ്.സി ജേതാക്കളായി. സമാപന ചടങ്ങില്‍ അല്‍കരാമ ഡയാലിസിസ് സെന്ററിന് 5 ലക്ഷം രൂപയുടെ ചെക്ക് സംഘാടകര്‍ കൈമാറി. വെള്ളമുണ്ട അല്‍കരാമ ഡയാലിസിസ് കേന്ദ്രത്തിലെത്തുന്ന കിഡ്നി രോഗികള്‍ക്ക് സൗജന്യ ഡയാലിസ് ചെയ്യാന്‍ തുക കണ്ടെത്തുകയെന്ന ലക്ഷ്യവുമായി ഡിസംബര്‍ 25 നാണ് കാല്‍പ്പന്തുകളിക്ക് തുടക്കം കുറിക്കുന്നത്. അന്ന് തൊട്ട് ഫൈനല്‍ മത്സരം നടന്ന വെള്ളിയാഴ്ച വരെ അണമുറിയാത്ത ആവേശവും നെഞ്ചിലേറ്റിയാണ് ഫുട്‌ബോള്‍ ആരാധാകര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വെള്ളമുണ്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് ഇരച്ചെത്തിയത്.ഫുട്‌ബോള്‍ കളികാണാന്‍ മറ്റെങ്ങുമില്ലാത്തവിധം സ്ത്രീകളുടെ സാന്നിദ്ധ്യവും വെള്ളമുണ്ടയില്‍ ശ്രദ്ധേയമായിരുന്നു.7000 പേര്‍ക്കിരുന്ന് കളികാണാന്‍ കഴിയുന്ന ഗാലറി പലതവണയായി വലുപ്പം വര്‍ദ്ധിപ്പിച്ചിട്ടും ഫൈനല്‍ മത്സരത്തിനെത്തിയ മുഴുവന്‍ പേരെയും ഉള്‍കൊള്ളാനായില്ല. ചാന്‍സിലേഴ്സ് വെള്ളമുണ്ടയും റിമാല്‍ഗ്രൂപ്പും ചേര്‍ന്നാണ് ആരവം സീസണ്‍ ത്രീ സംഘടിപ്പിച്ചത്. എല്ലാ ദിവസവും വൈകുന്നേരം 7 മണി മുതല്‍ കലാപരിപാടികളും സാസ്‌കാരികപരിപാടികളും നടത്തി സംഘാടകര്‍ കാണികളുടെ പ്രശംസ പിടിച്ചു പറ്റി. കഴിഞ്ഞ രണ്ട് സീസണുകളിലും ടൂര്‍ണ്ണമെന്റിലൂടെ സമാഹരിച്ച തുക നിര്‍ധനര്‍ക്ക് സഹായമായി മാറ്റുകയാണ് സംഘാടകര്‍ ചെയ്തത്. ഈ വര്‍ഷത്തെ വരുമാനത്തില്‍ നിന്നും 500 പേര്‍ക്ക് സൗജന്യ ഡയാലിസിസ് ചെയ്യാനുള്ള തുകയായ 5 ലക്ഷം രൂപ ഇന്നലെ നടന്ന ചടങ്ങില്‍ വെച്ച് തന്നെ സംഘാടകര്‍ അല്‍കരാമ ഭാരവാഹികള്‍ക്ക് കൈമാറി. ചാന്‍സിലേഴ്‌സ് ക്ലബ്ബിന് പുതിയ കെട്ടിടം നിര്‍മിക്കുകയെന്ന ലക്ഷ്യമാണ് ഇനി ഭാരവാഹികള്‍ നിര്‍വഹിക്കുക. കേരളത്തിലെ 21 പ്രമുഖ ടീമുകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റില്‍ മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, എം.എല്‍.എ മാരായ ഒ.ആര്‍ കേളു, ടി. സിദ്ദീഖ്, ജില്ലാ ജഡ്ജ് പി.ടി പ്രകാശന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പലപ്പോഴായി എത്തിയിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *