October 13, 2024

വയോജന പെന്‍ഷന്‍ മുടങ്ങിയിട്ട് അഞ്ച് മാസം

0
Img 20240211 135120

 

കല്‍പ്പറ്റ: അഞ്ചുമാസമായി പെന്‍ഷന്‍ മുടങ്ങിയതില്‍ വയോജനങ്ങളില്‍ പ്രതിഷേധം കനക്കുന്നു. ബജറ്റില്‍ അവഗണിച്ചതിലും വയോധികരില്‍ രോഷം തിളയ്ക്കുകയാണ്. വയോജന സംഘടനകള്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ പലതും ബജറ്റില്‍ ഇടം പിടിച്ചില്ല.

1,600 രൂപയാണ് പ്രതിമാസ വയോജന പെന്‍ഷന്‍. കഴിഞ്ഞ ഓഗസ്റ്റിനുശേഷം പെന്‍ഷന്‍ വിതരണം ചെയ്തിട്ടില്ല. മരുന്ന് ഉള്‍പ്പെടെ അത്യാവശ്യങ്ങള്‍ക്ക് പെന്‍ഷനെ ആശ്രയിക്കുന്ന വൃദ്ധ ജനങ്ങള്‍ നിരവധിയാണ്. പെന്‍ഷന്‍ കിട്ടുമ്പോള്‍ നല്‍കാമെന്നു പറഞ്ഞ് പരിചയക്കാരില്‍നിന്നു വായ്പ വാങ്ങിയ സംഖ്യ തിരിച്ചുകൊടുക്കാന്‍ കഴിയാതെ ഉഴലുകയാണ് പലരും.

സംസ്ഥാന ബജറ്റില്‍ പെന്‍ഷന്‍ വര്‍ധിപ്പിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു വയോജനങ്ങളില്‍ പലരുടെയും അനുമാനം. കുടിശിക തീര്‍ത്ത് പെന്‍ഷന്‍ ലഭിക്കുന്നതിനു നടപടി ഉണ്ടാകുമെന്നും അവര്‍ കരുതി. ഇത് അസ്ഥാനത്തായതില്‍ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ നല്ലൊരു ശതമാനവും നിരാശരാണെന്ന് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം വയനാട് ജില്ലാ പ്രസിഡന്റ് ടി.വി.രാജന്‍, വൈസ് പ്രസിഡന്റ് കെ.ശശിധരന്‍,

സെക്രട്ടറി ഇ.മുരളീധരന്‍, ട്രഷറര്‍ ജി.കെ.ഗിരിജ എന്നിവര്‍ പറഞ്ഞു.

65 വയസ് കഴിഞ്ഞവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പരിശോധനയും മരുന്നും സൗജന്യമായി ലഭ്യമാക്കുന്ന വയോമിത്രം പദ്ധതി പഞ്ചായത്തുകളിലും പ്രാവര്‍ത്തികമാക്കണമെന്നത് മുതിര്‍ന്ന പൗരന്‍മാരുടെ കൂട്ടായ്മകള്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. നിലവില്‍ നഗരസഭകളില്‍ മാത്രമാണ് വയോമിത്രം പദ്ധതി. പഞ്ചായത്തുകളിലുള്ള ആയിരക്കണക്കിനു വയോജനങ്ങള്‍ പദ്ധതിക്കു പുറത്താണ്. ഗ്രാമപ്പഞ്ചായത്തുകളിലുള്ളവരെയും വയോമിത്രം ഗുണഭോക്താക്കളാക്കുന്നതിന് വിവിധ സംഘടനാ ഭാരവാഹികള്‍ സാമൂഹിക ക്ഷേമ മന്ത്രിയെയടക്കം പലവട്ടം സമീപിച്ചതാണ്. പക്ഷേ, ഫലം ഉണ്ടായില്ല.

വയോജന കമ്മീഷന്‍ രൂപീകരിക്കണമെന്ന ആവശ്യത്തിനും ബജറ്റില്‍ പരിഗണന ലഭിച്ചില്ല. വയോധികരുടെ പ്രശ്‌നങ്ങളില്‍ അടിയന്തര ഇടപെടല്‍ സാധ്യമാക്കുന്നതാണ് വയോജന കമ്മീഷന്‍ പ്രവര്‍ത്തനം. ഇതേക്കുറിച്ച് ബജറ്റില്‍ പരാമര്‍ശം പോലും ഉണ്ടായില്ല. മുമ്പ് രൂപീകരിച്ച വയോജന കൗണ്‍സിലിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കയാണ്.

മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള യാത്രക്കൂലി ഇളവ് റെയില്‍വേ പുനഃസ്ഥാപിക്കാത്ത് വയോജനങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്. സ്ത്രീകള്‍ക്ക് 50 ഉം പുരുഷന്‍മാര്‍ക്ക് 40 ഉം ശതമാനം ഇളവാണ് റെയില്‍വേ അനുവദിച്ചിരുന്നത്. യാത്രക്കൂലിയിലെ ഇളവ് കോവിഡ് വ്യാപനത്തെത്തുടര്‍ന്നാണ് റെയില്‍വേ നിര്‍ത്തലാക്കിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *