കാട്ടാന ആക്രമണം; കൊല്ലപ്പെട്ട അജീഷിൻ്റെ കുടുംബത്തിന് 15 ലക്ഷം പ്രഖ്യാപിച്ച് കർണാടക സർക്കാർ
ബാംഗ്ലൂർ: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കർണാടക സർക്കാർ. കർണാടക വനം മന്ത്രി ഈശ്വർ ഖന്ദ്രയാണ് ധനസഹായം പ്രഖ്യാപിച്ചത്.
മാസങ്ങൾക്ക് മുമ്പേ കർണാടക വനംവകുപ്പ് തുരത്തിയ മോഴയാനയായ ബേലൂർ മഖ്‌നയുടെ ആക്രമണത്തിലാണ് അജീഷ് കൊല്ലപ്പെട്ടത്.നിലവിൽ കർണാടകയിൽ കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് നൽകിവരുന്ന ധനസഹായമാണ് ഇത്. അജീഷിനെ കർണാടകക്കാരനായി കണക്കാക്കിയാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഉദ്ധരിച്ച് വനംമന്ത്രി ഈശ്വർ ഖന്ദ്ര പറഞ്ഞു. ഫെബ്രുവരി 10-നാണ് അജീഷ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
10 ലക്ഷം രൂപയും അജീഷിന്റെ ഭാര്യയ്ക്ക് സ്ഥിരം ജോലിയും മക്കളുടെ ഉന്നതവിദ്യാഭ്യാസ ചെലവുകളും ഏറ്റെടുക്കുമെന്നായിരുന്നു സംസ്ഥാനസർക്കാരിന്റെ വാഗ്ദാനം.
ആനയെ മയക്കുവെടിവെച്ച് പിടിക്കാനായി വനംവകുപ്പ് നടത്തിയ ദൗത്യം വിജയിച്ചിരുന്നില്ല. അപ്പോഴേക്കും കർണാടകയുടെ ഉൾവനത്തിലേക്ക് കടന്ന ബേലൂർ മഖ്ന ഇപ്പോഴും അവിടെത്തന്നെ തുടരുകയാണ്.





Leave a Reply