May 16, 2026

അഴിമതിയിൽ ആളിക്കത്തി മാനന്തവാടി നഗരസഭ 

0
Img 20240506 125434
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി നഗരസഭയിലെ വിവിധ പദ്ധതികളിലെ വ്യാപക വീഴ്ചകൾ ചൂണ്ടിക്കാട്ടി ലോക്കൽ ഓഡിറ്റ് റിപ്പോർട്ട് വന്നിരുന്നു. ഇതോടുകൂടി ലാപ്ടോപ്പ് വിവാദം വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ്. ലോക്കൽ ഓഡിറ്റ് റിപ്പോർട്ടിൽ 27.66 ലക്ഷം രൂപ തിരിച്ചടക്കാനാണ് നിർദ്ദേശം.

നഗരസഭയിൽ ലാപ്ടോപ്പ് വാങ്ങിയതിലൂടെ ലക്ഷങ്ങളുടെ അഴിമതി നടത്തിയതായി നേരത്തേ പരാതികൾ ഉയർന്നിരുന്നു.

2022-23 വർഷത്തിൽ നടപ്പിലാക്കിയ പദ്ധതിയിൽ വിപണിയിൽ മുപ്പത്താറായിരം രൂപ മാത്രം വിലയിലുള്ള ലാപ്പ്‌ടോപ്പ് 56890 രൂപമുടക്കിയാണ് വാങ്ങിയതെന്നും നഗരസഭ പാലിക്കേണ്ട പർച്ചേസ് മാനദണ്ഡങ്ങൾ പാലിക്കാതെയും കൗൺസിൽ അംഗീകാരമില്ലാതെയാണ് ഈ പദ്ധതി നടപ്പിലാക്കിയതെന്നും വലിയ രീതിയിലുള്ള ആരോപണങ്ങൾ ഉയരുകയും സമര പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

നഗരസഭയ്ക്കു ലഭിക്കേണ്ട ഭീമമായ സംഖ്യ ഭരണസമിതിയുടെ അനാസ്ഥമൂലം നഷ്ടപ്പെട്ടതായി ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. കോടിക്കണക്കിന്‌ രൂപയുടെ വരുമാനമുള്ള നഗരസഭയിലെ രജിസ്റ്ററുകളും പ്രതിമാസ സ്റ്റേറ്റ്‌മെന്റുകളും കൃത്യതയോടെ തയ്യാറാക്കുകയോ സൂക്ഷിക്കുകയോ ചെയ്തിട്ടില്ലെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്.

ലാപ്ടോപ് വിതരണവുമായി ബന്ധപ്പെട്ട് നഗരസഭ ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്‌ടർക്ക് പരാതി നൽകുകയും സിപിഐ(എം) നേതൃത്വത്തിൽ ഉപരോധസമരമടക്കമുള്ള സമരപപരിപാടികളും സംഘടിപ്പിച്ചിരുന്നു.

പരാതികളെ തുടർന്ന് വിജിലൻസ് വിഭാഗവും, തദ്ദേശ സ്വയം ഭരണ വകുപ്പ് ഇന്റേണൽ വിജിലൻസ് വിഭാഗവും, നഗരസഭയിൽ പരിശോധന നടത്തുകയും അപാകതകൾ കണ്ടെത്തി ഫയലുകൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന ഓഡിറ്റ് വകുപ്പ് തയ്യാറാക്കിയ ലോക്കൽ ഓഡിറ്റ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.

ലാപ്ടോപ് വിതരണത്തിൽ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും 27.66 ലക്ഷം രൂപ അധികമായി ചിലവഴിച്ചത് ഇംപ്ളിമെന്റ് ഓഫീസറായ സെക്രട്ടറി തിരിച്ചടക്കണമെന്നുമാണ് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. സെക്രട്ടറിയാണ് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെങ്കിലും നഗരസഭ ചെയർപേഴ്സൺ, ലാപ്ടോപ് വാങ്ങുന്നതിന് തീരുമാനമെടുത്ത യോഗത്തിൽ ഒപ്പിട്ട സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരും പണം തിരിച്ചടക്കുന്നതിനും ബാധ്യസ്‌തരാകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *