May 19, 2024

പുഞ്ച വയലിൽ കാട്ടനയുടെ വിളയാട്ടം: കൊയ്ത്തിന്റെ തലേദിവസം കൃഷി നശിപ്പിച്ച് കാട്ടാനക്കൂട്ടം 

0
Img 20240506 130010

പനമരം: ചീരവയൽ വാഴപ്പറമ്പിൽ മോളി, റീത്ത ബിനു എന്നിവരുടെ പുഞ്ചക്കൃഷി കൊയ്ത്തിന് തലേദിവസമിറങ്ങിയ കാട്ടാനക്കൂട്ടം പൂർണമായും നശിപ്പിച്ചു. പാതിരി സൗത്ത് സെക്ഷൻ വനത്തിൽ നിന്നിറങ്ങിയ കാട്ടാനക്കൂട്ടത്തിൽ രണ്ടണ്ണമാണ് വയലിൽ ഇറങ്ങി വിളവെടുപ്പിന് പാകമായ ഒരേക്കറോളം നെൽക്കൃഷി തിന്നും ചവിട്ടിയും നശിപ്പിച്ചത്. സമീപത്തെ വാഴക്കൃഷിയും കാട്ടാനക്കൂട്ടം അശേഷം നശിപ്പിച്ചു.

കാട്ടാനയെ പേടിച്ച് ഈ ഭാഗത്ത് ഇത്തവണയിവരടക്കം നാല് കർഷകർ മാത്രമാണ് പുഞ്ചക്കൃഷി നടത്തിയത്. കഴിഞ്ഞ രണ്ടാഴ്ച്ചയായി പ്രദേശത്ത് കാട്ടാനശല്യം വർധിച്ചതോടെ രണ്ട് ദിവസം മുൻപ് ഇതിൽ ഒരാൾ നെല്ല് കൊയ്തെടുത്തിരുന്നു. പുലർച്ചെ മൂന്നരയോടെ കാട്ടാനകൾ വയലിലിറങ്ങി കൃഷി നശിപ്പിക്കുന്നതറിഞ്ഞു കർഷകരെത്തി പടക്കം പൊട്ടിച്ച് ഓടിക്കാൻ ശ്രമിച്ചെങ്കിലും കാട്ടാനകളിൽ ഒരാന വയലിൽ നിന്നു പോകാൻ കൂട്ടാക്കിയില്ല.

നെല്ല് തിന്നു വയർ നിറച്ച ശേഷമാണ് ആന വയലിൽ നിന്നു മാറിയത്. പ്രതിരോധ സംവിധാനങ്ങൾ തകർന്നു കിടക്കുന്ന ചെക്കിട്ട ഭാഗത്ത് നിന്നിറങ്ങുന്ന കാട്ടാനകളാണ് ചിരവയലിലെത്തി കൃഷിനാശം തീർത്തത്. കർഷകർ വൻ വിലകൊടുത്തു വാങ്ങി കൃഷിയിറക്കിയ നെല്ലാണു വിളവെടുപ്പിന് ഒരു രാത്രി ബാക്കിനിൽക്കെ കാട്ടാന അകത്താക്കിയത്.

ഇക്കുറി നെല്ലിന് രോഗബാധ ഏൽക്കാതിരുന്നതിനാൽ നൂറുമേനി വിളവുണ്ടായിരുന്നു. നെല്ലു പാതിയും കാട്ടാന നശിപ്പിച്ചതിനാൽ പ്രതീക്ഷകൾ തകർന്നതിനു പുറമേ കടബാധ്യതയുമായി. കാട്ടാന നെൽക്കൃഷി തകർത്തതിന് അർഹമായ നഷ്ടപരിഹാരം ഉടനടി നൽകണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *