May 18, 2024

അപകട ഭീഷണിയുയർത്തി വൻമരങ്ങൾ: അപകട ഭീതിയിൽ ഗോത്രജനങ്ങൾ; മരങ്ങൾ മുറിച്ച് മാറ്റാൻ നടപടിയില്ല 

0
Img 20240514 052228

പുൽപള്ളി: ചീയമ്പത്തും പരിസരങ്ങളിലും വളർച്ച മുരടിച്ച് അപകടാവസ്‌ഥയിലുള്ള മരങ്ങൾ മഴയ്ക്കു മുൻപേ മുറിച്ച് മാറ്റണമെന്ന് നാട്ടുകാർ പറയുന്നു. കാലങ്ങൾക്ക് മുൻപ് കോളനിയിലേക്കുള്ള പാതയോരങ്ങളിൽ നട്ടുപിടിപ്പിച്ച പൂമരങ്ങളാണ് ചെറിയ കാറ്റ് വീശുമ്പോൾ പോലും മുറിഞ്ഞ് വീഴുന്നു. വനം ഉടമസ്‌ഥതയിലായിരുന്ന കാപ്പി തോട്ടത്തിലേക്കുള്ള പാതയോരങ്ങളിലാണു മരങ്ങൾ നട്ടതെന്നത് ശ്രദ്ധേയമാണ്. വരൾച്ച മുരടിച്ച് വേരുകൾ ജീർണിക്കുന്ന മരം ഉണങ്ങും മുൻപേ കടപുഴകുന്നു.

എഴുപത്തിമൂന്ന്, മരിയനാട് എന്നിവിടങ്ങളിൽ കഴിഞ്ഞ വർഷം മരം വീണുണ്ടായ നഷ്ട‌ങ്ങൾക്ക് കൃത്യമായ കണക്കുകളില്ല. മരിയനാട്ട് റോഡിന് കുറുകെ മരം വീണപ്പോൾ 12 വൈദ്യുതി തൂണുകൾ പൊട്ടിവീണു. വൈദ്യുത പ്രവാഹമുള്ള കമ്പി ഒരു കിലോമീറ്ററോളം റോഡിൽ കിടന്നു. എഴുപത്തിമൂന്നിൽ വീടുകളുടെ സമീപത്തും ഇത്തരം മരങ്ങളുണ്ട്. കാറ്റും മഴയുമില്ലാത്തപ്പോഴും ഇവ മുറിഞ്ഞ് വീഴുന്ന സാഹചര്യമുണ്ട്. പൂമരങ്ങളുടെ വളർച്ച മുരടിച്ചാൽ അവ കേടുവന്ന് നിലം പതിക്കും.

പലപ്പോഴും ബത്തേരിയിൽ നിന്ന് അഗിനിരക്ഷാസേനയും പുൽപള്ളിയിൽ നിന്ന് കെഎസ്ഇബി അധികൃതരും എത്തിയാണ് പാതയിലെ തടസ്സങ്ങൾ നീക്കി വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നത്. ഇപ്പോൾ ഇരുവകുപ്പുകൾക്കും മരങ്ങൾ ബാധ്യതയായി. മുറിക്കേണ്ട മരങ്ങൾ കഴിഞ്ഞ വർഷം വനപാലകർ അടയാളപ്പെടുത്തിയിരുന്നു. ഈ മരങ്ങൾ മുറിച്ച് മാറ്റാൻ ഭാരിച്ച തുക വേണം എന്നതുകൊണ്ട് തുടർ നടപടിയുണ്ടായില്ല.

ജനസഞ്ചാരമുള്ള പാതയോരത്തെ ഭീഷണിയുള്ള മരങ്ങൾ ആരു മുറിച്ചു മാറ്റുമെന്ന തർക്കം നേരത്തെയുണ്ട്. മുൻപു വനംവകുപ്പിന്റെ ഉടമസ്‌ഥതയിലായിരുന്നെങ്കിലും ഇപ്പോൾ ഗോത്ര വിഭാഗക്കാരാണ് ഇവിടെ താമസിക്കുന്നത്. വനാവകാശ നിയമ പ്രകാരം ചീയമ്പം തോട്ടം 325 കുടുംബങ്ങൾക്കു പതിച്ചുനൽകി. മരിയനാട് തോട്ടം അളന്നു നൽകണമെന്നാവശ്യപ്പെട്ട് ഒട്ടേറെ ആദിവാസി കുടുംബങ്ങൾ കുടിൽ കെട്ടിക്കഴിയുന്നു.

കാലവർഷത്തിനു മുന്നോടിയായി അപകടമുണ്ടാക്കുന്ന മരങ്ങളും മരക്കൊമ്പുകളും മുറിച്ചുമാറ്റി സുരക്ഷയുറപ്പാക്കണമെന്നു ദുരന്ത നിവാരണ അതോറിറ്റി എല്ലാവർഷവും നിർദേശം നൽകാറുണ്ടെങ്കിലും ചീയമ്പത്തെയും മരിയനാട്ടെയും മരങ്ങൾ വെട്ടാൻ നടപടിയില്ല. ഇവയ്ക്ക് പുറമേ പുൽപള്ളി, പൂതാടി, പഞ്ചായത്തുകളിലെ വിവിധ കോളനികളുടെ പരിസരത്തും വൻമരങ്ങൾ ഉണങ്ങി നിൽക്കുന്നു.

റിസർവ് ചെയ്ത് ഈട്ടി മരങ്ങളാണ് ഉദയക്കരയിലും പരിസര കോളനികളിലും മാനംമുട്ടെ നിൽക്കുന്നത്. ഇവയുടെ കൊമ്പ് അടർന്നു വീണാലും പല വീടുകളും തകരും. കഴിഞ്ഞ വർഷം ചേകാടി റൂട്ടിൽ മരം വീണ് രണ്ട് വീടുകൾ തകർന്നു. വേലിയമ്പം, പാക്കം, ചേകാടി പ്രദേശങ്ങളിലും ഇത്തരം മരങ്ങളുണ്ട്. ഇവയുടെ കീഴിലൂടെ വൈദ്യുത ലൈനുണ്ടെന്നതും ആശങ്ക ഇ രട്ടിയാക്കുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *