പ്രാന്തവത്കരിക്കപ്പെട്ടവരുടെ ഉന്നമനമാകട്ടെ ലക്ഷ്യം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുമായി സമീപിക്കുന്നവരെ ഒരുപോലെ പരിഗണിക്കാനും അവരോട് നീതിയുക്തമായ സമീപനം പുലർത്താനും സിവിൽ സർവീസ് ഉദ്യോഗസ്ഥർ പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സംസ്ഥാനത്തുനിന്ന് 2023 ലെ സിവിൽ സർവീസ് പരീക്ഷ വിജയിച്ചവരെ അനുമോദിക്കാൻ കേരള രാജ് ഭവനിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അധികാര സ്ഥാനങ്ങൾ വഹിക്കുന്നവർ ജനങ്ങളോട് ബഹുമാനത്തോടെയും നീതിപൂർവകമായും പെരുമാറണം എന്നായിരുന്നു സർദാർ വല്ലഭ് ഭായി പട്ടേലിനെപ്പോലെ ഉള്ളവരുടെ കാഴ്ചപ്പാട്. ജനങ്ങളിൽ നിന്ന് അകലം പാലിച്ചു നിന്ന ബ്രിട്ടീഷ് ശൈലിയിൽ നിന്ന് വ്യത്യസ്തമായി ജനസേവനത്തിന്റെ മാർഗത്തിലൂടെ നീങ്ങുന്ന സിവിൽ സർവീസിനെയാണ് സ്വതന്ത്ര ഭാരതം വിഭാവനം ചെയ്തത്. ആ ശൈലിയെ കൂടുതൽ ജനകീയമാക്കി മുന്നോട്ടു കൊണ്ടു പോകാൻ പുതിയ തലമുറയ്ക്ക് കഴിയണം – ഗവർണർ പറഞ്ഞു.
ഭാരതീയ പാരമ്പര്യം ആരെയും അന്യമായി കാണുന്നില്ല. എന്നുമാത്രമല്ല, മനുഷ്യനെ സേവിക്കുന്നതിലൂടെ ദൈവത്തെയാണ് സേവിക്കുന്നതെന്ന് എല്ലാ മതങ്ങളും പറയുന്നുമുണ്ട്. അതിനാൽ, പ്രാന്തവത്കരിക്കപ്പെട്ടവരുടെ ഉന്നമനമായിരിക്കണം സിവിൽ സർവീസിന്റെ ലക്ഷ്യം. പട്ടിണിയിലും അജ്ഞതയിലും കഴിയുന്നവരെ അവഗണിക്കുന്ന വിദ്യാസമ്പന്നരെ രാജ്യദ്രോഹികളായാണ് സ്വാമി വിവേകാനന്ദൻ കണ്ടതെന്നും ഗവർണർ ഓർമ്മിപ്പിച്ചു.
കേരളത്തിൽ നിന്ന് സിവിൽ സർവീസ് ജയിച്ച 54 പേരിൽ 45 പേരും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. യോഗത്തിൽ ഗവർണറുടെ അഡീഷണൽ ചീഫ് സെക്രടറി ഡോ ദേവേന്ദ്ര കുമാർ ധോദാവത് സംസാരിച്ചു.





Leave a Reply