എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ടീ ഫാക്ടറി തൊഴിലാളി വിഷയം: പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍
കൽപ്പറ്റ: എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ടീ ഫാക്ടറി തൊഴിലാളികളുടെ വിവിധ വിഷയങ്ങളില്‍ നിലവിലെ കോടതി വിധികൾ പരിശോധിച്ചും സർക്കാർ ഉത്തരവുകളും സാഹചര്യങ്ങളും പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ പറഞ്ഞു. തൊഴിലാളികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് തേയില ഫാക്ടറിയിലെ യന്ത്രങ്ങള്‍ ലേലം ചെയ്യുന്നത് തടസപ്പെട്ട സാഹചര്യത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന സംയുക്ത തൊഴിലാളി നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ടൗണ്‍ഷിപ്പ് പ്ലാന്‍ അനുസരിച്ച് ടീ ഫാക്ടറി നിന്നിരുന്ന കെട്ടിടം കമ്മ്യൂണിറ്റി ഹാളാക്കി മാറ്റാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. നിലവിലെ സാഹചര്യത്തില്‍ ടൗണ്‍ഷിപ്പ് പ്ലാനിൽ മാറ്റം വരുത്തി പുതിയൊരു പ്ലാനിലേക്ക് പോകാന്‍ സാധിക്കില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.
തേയില ഫാക്ടറി അവിടെത്തന്നെ നിലനിര്‍ത്തണമെന്ന് തൊഴിലാളി സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. കൂടാതെ തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള പി.എഫും മറ്റ് അനുകൂല്യങ്ങളും ലഭ്യമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നൽകുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഉടന്‍ യോഗം ചേർന്ന് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാൻ നടപടി എടുക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടൗണ്‍ഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡോ. ജെ.ഒ അരുണ്‍, ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡെപ്യൂട്ടി കലക്ടര്‍ എം.കെ ഇന്ദു, എസ്‌റ്റേറ്റ് മാനേജ്‌മെന്റ്-തൊഴിലാളി സംഘടന പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply