May 15, 2026

ഫിസിയോ തെറാപ്പിയില്‍ നൂതന ചികിത്സാ സൗകര്യങ്ങളൊരുക്കി ബത്തേരി താലൂക്ക് ആശുപത്രി

0
WhatsApp Image 2026-05-15 at 4.34.25 PM
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: സ്വകാര്യ മേഖലയില്‍ വലിയ ചെലവ് വരുന്ന ഫിസിയോതെറാപ്പി ചികിത്സകള്‍ ഇനി പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ലഭിക്കും. ബത്തേരി താലൂക്ക് ആസ്ഥാന ആശുപത്രിയിലാണ് അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ പുതിയ ഫിസിയോതെറാപ്പി യൂണിറ്റ് പ്രവര്‍ത്തനസജ്ജമായിരിക്കുന്നത്. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആശ്വാസമാകുന്നതാണ് ഈ പുതിയ കാല്‍വെപ്പ്. പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെയും ഫിസിയോതെറാപ്പിസ്റ്റുകളുടെയും ശാസ്ത്രീയമായ മേല്‍നോട്ടത്തിലാണ് യൂണിറ്റിന്റെ പ്രവര്‍ത്തനം. പക്ഷാഘാതം, സന്ധിവേദന, നാഡീരോഗങ്ങള്‍ എന്നിവയ്ക്ക് പുറമെ അപകടങ്ങള്‍ക്കും ശസ്ത്രക്രിയകള്‍ക്കും ശേഷമുള്ള ശാരീരിക പുനരധിവാസത്തിനും ഇവിടെ മികച്ച ചികിത്സ ലഭ്യമാണ്. സ്‌പോര്‍ട്‌സ് ഇന്‍ജുറി മാനേജ്‌മെന്റ്, വയോജനങ്ങള്‍ക്കായുള്ള പ്രത്യേക പരിചരണം എന്നിവയും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനായി ഇലക്ട്രോതെറാപ്പി, ഷോക്ക് വേവ്, ലേസര്‍ തെറാപ്പി, വാക്ക്വം തെറാപ്പി, സ്പൈനല്‍ ഡീകംപ്രേഷന്‍ തുടങ്ങിയ നൂതന ചികിത്സാ സംവിധാനങ്ങളും ആധുനിക വ്യായാമ ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

മുതിര്‍ന്നവര്‍ക്കുള്ള ചികിത്സാ സൗകര്യങ്ങള്‍ക്ക് പുറമെ, കുട്ടികളുടെ ശാരീരിക-മാനസിക വളര്‍ച്ച ലക്ഷ്യമാക്കി പ്രത്യേക പീഡിയാട്രിക് ഫിസിയോതെറാപ്പി സൗകര്യങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ജന്മനായുള്ള ഭിന്നശേഷികള്‍, സെറിബ്രല്‍ പാള്‍സി, ഓട്ടിസം, നാഡി-പേശി-അസ്ഥി സംബന്ധമായ പ്രശ്‌നങ്ങള്‍, ചലനശേഷിക്കുറവ് എന്നിവയുള്ള കുട്ടികള്‍ക്ക് ഈ സൗകര്യങ്ങള്‍ വലിയ പ്രയോജനം ചെയ്യും. കുട്ടികള്‍ക്ക് സ്വയം പ്രവര്‍ത്തിക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുകയാണ് ഈ വിഭാഗത്തിന്റെ പ്രധാന ലക്ഷ്യം.

ആശുപത്രിയിലെ ചികിത്സയ്ക്ക് പുറമെ, വീട്ടില്‍ നല്‍കേണ്ട തുടര്‍ചികിത്സകളെക്കുറിച്ചും രക്ഷിതാക്കള്‍ക്ക് ഇവിടെനിന്ന് പരിശീലനം നല്‍കുന്നുണ്ട്. കുട്ടികളെ എങ്ങനെ പരിചരിക്കണം, വീട്ടില്‍ ചെയ്യിപ്പിക്കാവുന്ന ലളിതമായ വ്യായാമങ്ങള്‍, ശരിയായ ശരീരനില എന്നിവയെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് ആരോഗ്യ വിദ്യാഭ്യാസവും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *