വിളനാശ നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കണം; ആം ആദ്മി പാർട്ടി കർഷക സമിതി
കൽപ്പറ്റ : സംസ്ഥാനത്തെ പതിനായിരക്കണക്കിന് കർഷകർക്ക് അർഹതപ്പെട്ട പ്രകൃതിക്ഷോഭ വിളനാശ നഷ്ടപരിഹാരം 2021 മുതൽ ഇതുവരെയും നൽകാത്ത സംസ്ഥാന സർക്കാർ നടപടിയിൽ ആം ആദ്മി പാർട്ടി കർഷക സമിതി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
വിളനാശ നഷ്ടപരിഹാരത്തിന് വിവിധ സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയ മാനന്തവാടിയിലെ കർഷകൻ ജോസ് കൊച്ചു മലയിൽ മനുഷ്യവകാശ കമ്മീഷനെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയെങ്കിലും നഷ്ടപരിഹാര തുകയായ 29,900 രൂപ നൽകാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ഇതേ തുടർന്ന് ജോസും, നഷ്ടപരിഹാരം ലഭിക്കാനുള്ള മറ്റു കർഷകരും ചേർന്ന് ആം ആദ്മി കർഷക സമിതിയുടെ നേതൃത്വത്തിൽ ജൂൺ 11 ചൊവ്വ രാവിലെ 10.30-ന് വയനാട് കലക്ട്രേറ്റ് പടിക്കൽ ധർണ്ണ സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി ജേക്കബ് കെ. പി അറിയിച്ചു. ആം ആദ്മി പാർട്ടി സംസ്ഥാന വൈ .പ്രസിഡണ്ട് അജി കൊളോണിയ ധർണ്ണ ഉദ്ഘാടനം നിർവഹിക്കും.
ജില്ലയിൽ മാത്രം നാലായിരത്തോളം കർഷകരാണ് സർക്കാറിൻ്റെ നഷ്ടപരിഹാര തുക ലഭിക്കാൻ കാത്തിരിക്കുന്നത് ഏകദേശം ഏഴു കോടി രൂപയോളം ജില്ലയിൽ നൽകാനുണ്ടെന്നാണ് പ്രാഥമിക നിഗമനം. കേരളത്തിൽ പതിനായിരക്കണക്കിന് കർഷകർ നഷ്ടപരിഹാര തുക ലഭിക്കാൻ കാത്തിരിക്കുകയാണ്. സർക്കാറിൻ്റെ അനാവശ്യമായ ചിലവുകൾ കാരണം മാസങ്ങളോളമായി പെൻഷൻ ലഭിക്കാത്ത ലക്ഷകണക്കിന് ആളുകളും ദുരിതം അനുഭവിക്കുന്നുണ്ട്. ഇതിന് പുറമെ നാടിൻ്റെ നിലനിൽപ്പിന് വേണ്ടി പ്രതിസന്ധികളിലും തളരാതെ മുന്നോട്ട് പോകുന്ന കർഷകരോട് ചെയ്യുന്ന ഈ ക്രൂരത അവസാനിപ്പിച്ച് സർകാർ സമയബന്ധിതമായി കാര്യങ്ങൾ നിർവഹിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
ധർണ്ണയോടനുബന്ധിച്ച്
2024 – 25 വർഷത്തേക്കുള്ള നെല്ല്, വാഴ, തെങ്ങ് ഉൾപ്പെടെ 13 ഇനം വിളകൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ പദ്ധതിയിൽ കർഷകരെ സൗജന്യമായി ചേർക്കുമെന്നും അതിന് വേണ്ട ഹെൽപ്പ് ഡെസ്ക് സംവിധാനം ഉണ്ടാകുമെന്നും അറിയിച്ചു. കർഷക സമിതി പ്രസിഡണ്ട് എം.ഡി. തങ്കച്ചൻ, ഭാരവാഹികളായ ജനാർദ്ധനൻ പനമരം, ചാക്കോ പുൽപ്പള്ളി, ജോൺസൺ ജോർജ് മാനന്തവാടി എന്നിവർ സംസാരിച്ചു.




Leave a Reply