ജലവിതരണം പുനരാരംഭിച്ചില്ല; അമ്പലവയലിൽ കുടിവെള്ളമില്ല
മീനങ്ങാടി: ജലവിതരണം പുനരാരംഭിക്കാത്തതിനാൽ അമ്പലവയലിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. കാരാപ്പുഴ അണക്കെട്ടിൽനിന്നുള്ള ജലവിതരണം നിലച്ചതോടെ അമ്പലവയലിലും പരിസരപ്രദേശങ്ങളിലും ഒരാഴ്ചയായി വെള്ളംകിട്ടിയിട്ട്. അറ്റകുറ്റപ്പണികൾക്കായി ജൂൺ 21 മുതൽ 25 വരെ ജലവിതരണം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചിരുന്നു. നാല് ദിവസം കഴിഞ്ഞിട്ടും ജലവിതരണം പുനരാരംഭിച്ചിട്ടില്ല.
കാരാപ്പുഴ അണക്കെട്ടിൽനിന്ന് കൃഷ്ണഗിരിയിലെ ടാങ്കിലേക്ക് പമ്പുചെയ്തശേഷമാണ് അമ്പലവയൽ പ്രദേശങ്ങളിൽ ജലവിതരണം. ടൗണിനോടുചേർന്നുള്ള ആയിരംകൊല്ലി, ദേവിക്കുന്ന്, കുറ്റിക്കൈത, മാങ്കൊമ്പ് എന്നിവിടങ്ങളിലെല്ലാം ഈ വെള്ളമാണെത്തുന്നത്. മറ്റു ജലസ്രോതസ്സുകൾ കുറവായ ഭാഗങ്ങളിലാണ് വെള്ളമില്ലാതെ നൂറുകണക്കിനു കുടുംബങ്ങൾ ദുരിതത്തിലായത്. അമ്പലവയൽ പഞ്ചായത്തിനുപുറമേ ബത്തേരി നഗരസഭയുടെ വിവിധ ഭാഗങ്ങളിലും ജലവിതരണം മുടങ്ങിയത്. വിതരണം പുനരാരംഭിക്കാൻ ഇനിയും മൂന്ന് ദിവസം കഴിയുമെന്നാണ് അറിയുന്നത് .





Leave a Reply