സുഗന്ധഗിരി ഭൂമിക്ക് പട്ടയവും കൃഷിക്കായി പലിശരഹിത വായ്പയും അനുവദിക്കണം ; എന്‍.സി.പി ജില്ലാ കമ്മിറ്റി
കല്‍പ്പറ്റ: സുഗന്ധഗിരി ഭൂമിക്ക് പട്ടയം നല്‍കുന്നതിനും കൃഷിക്ക് വേണ്ടി പലിശ രഹിത വായ്പ അനുവദിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് എന്‍.സി.പി വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 1976 കാലഘട്ടം മുതല്‍ പട്ടികവര്‍ഗക്കാരായ ആദിവാസി കുടുംബങ്ങള്‍ സ്വതന്ത്ര കൂട്ടുകൃഷി സഹകരണ സംഘം രൂപീകരിച്ച കൃഷി ചെയ്തു വരികയാണ്. 47 കൊല്ലമായി ഏകദേശം 600 കുടുംബങ്ങള്‍ ഇവിടെ താമസിച്ചു വരുന്നുണ്ട്. ഓരോ കുടുംബത്തിനും അഞ്ചേക്കര്‍ ഭൂമിയും കൈവശരേഖയും നല്‍കിയിട്ടുണ്ട്. എന്നാല്‍, ഭൂമി ലഭിച്ച് ഇത്രയും കാലമായിട്ടും ബാങ്കില്‍ നിന്നും മറ്റു സ്ഥാപനങ്ങളില്‍ നിന്നോ കൃഷി ആവശ്യത്തിനായി യാതൊരു സഹായം ലഭിച്ചിട്ടില്ല. ഭൂമിക്ക് പട്ടയം ഇല്ല എന്ന കാരണത്താല്‍ ധനകാര്യസ്ഥാപനങ്ങള്‍ വായ്പ അനുവദിക്കാതെ തിരിച്ചയക്കുകയാണ് ചെയ്യുന്നത്. ഇക്കാരണത്താല്‍ ഭൂമി മക്കള്‍ക്ക് അല്ലാതെ മറ്റാര്‍ക്കും കൈമാറുവാനോ വില്‍ക്കുവാനോ പാടില്ല എന്ന നിബന്ധന വച്ച് ഭൂമിക്ക് പട്ടയം അനുവദിക്കണമെന്നും കൃഷി ചെയ്യുന്നതിനായി ചുരുങ്ങിയത് അഞ്ചു കൊല്ലത്തേക്ക് ദീര്‍ഘകാല പലിശ രഹിത വായ്പ അനുവദിക്കാനുള്ള നടപടി ഉണ്ടാവണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നത് വരെ എന്‍.സി.പി സുഗന്ധഗിരി കൈവശ ഭൂമിക്കാരെ സംഘടിപ്പിച്ച് സമര രംഗത്ത് ഇറങ്ങുമെന്നും നേതാക്കള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നവകേരള സദസില്‍ എന്‍.സി.പി സുഗന്ധഗിരി യൂണിറ്റ് കമ്മിറ്റ് നിവേദനം നല്‍കിയിരുന്നു. ജില്ലാ കലക്ടര്‍ക്കും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ലാന്റ് റവന്യൂ കമ്മീഷണര്‍ മുഖാന്തിരവും നിവേദനം നല്‍കിയിരുന്നു. ഈ നിവേദനങ്ങളിലൊന്നും നിലവില്‍ അനുകൂല നിലപാടുകള്‍ ഉണ്ടായിട്ടില്ല. ഇക്കാരണത്താല്‍ തന്നെ കുടുംബങ്ങളെ ആവശ്യം നേടിയെടുക്കാന്‍ എന്‍.സി.പി സമരരംഗത്തേക്ക് ഇറങ്ങുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടറി സി.എം ശിവരാമന്‍, ബ്ലോക്ക് പ്രസിഡന്റ് എ.പി സാബു, ജില്ലാ സെക്രട്ടറി എ.എച്ച് സൈമണ്‍, കിസാന്‍ സഭ ജില്ലാ പ്രസിഡന്റ് ജെയിംസ് മങ്കുത്തേന്‍, സുഗന്ധഗിരി യൂണിറ്റ് പ്രസിഡന്റ് കെ.സി. ചന്ദ്രന്‍, സെക്രട്ടറി പി. സുമേഷ് എന്നിവര്‍ മുന്നറിയിപ്പ് നല്‍കി.





Leave a Reply