ഫാത്തിമ ആശുപത്രി റോഡിലെ നവീകരിച്ച പാലം ഉദ്ഘാടനം 27ന്
കൽപ്പറ്റ: കൽപ്പറ്റ നഗരത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഫാത്തിമ ആശുപത്രി–മൈതാനി പള്ളി റോഡിലെ നവീകരിച്ച പാലം ഉദ്ഘാടനം 27ന്. പാലം പ്രവൃത്തി ഏറെ നീണ്ടതോടെ ഇതിലൂടെയുള്ള ഗതാഗതദുരിതത്തെ ചൊല്ലി വൻപ്രതിഷേധമുയർന്നിരുന്നു. പാലം നവീകരണത്തിനായി ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു ഇവിടെയുള്ള വീട്ടുകാർക്കും യാത്രക്കാർക്കും ഏറെ ദുരിതമുണ്ടാക്കിയിരുന്നു. ഒന്നര വർഷത്തോളമായി ഇതുവഴിയുള്ള ഗതാഗതം മുടങ്ങിയിരുന്നു. വർഷങ്ങളായി അപകടാവസ്ഥയിലായതിനെ തുടർന്നാണ് പാലം നവീകരിക്കാൻ തീരുമാനിച്ചത്. നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് 68 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തി പൂർത്തീകരിച്ചത്.
27ന് രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ അഡ്വ. ടി.ജെ. ഐസക് പാലം തുറന്നുകൊടുക്കും. ഡെപ്യൂട്ടി ചെയർപേഴ്സൺ ഒ. സരോജിനി അധ്യക്ഷനായി. നാലു മീറ്റർ വീതിയിലുണ്ടായിരുന്ന പാലം അഞ്ചര മീറ്റർ വീതിയിലും 12 മീറ്റർ നീളത്തിലുമാണു പുതുക്കിപ്പണിതത്.
2023 ഫെബ്രുവരിയിലാണ് ഇതുവഴിയുള്ള ഗതാഗതം നഗരസഭ നിരോധിച്ചത്. എന്നാൽ തുടർനടപടികൾ മുടങ്ങിയതോടെ പ്രതിഷേധവും ശക്തമായി. സെപ്റ്റംബർ 29ന് അന്നത്തെ നഗരസഭാ അധ്യക്ഷനായിരുന്ന കേയംതൊടി മുജീബാണ് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. നാലുമാസം കൊണ്ടു നവീകരണം പൂർത്തിയാക്കി റോഡ് തുറന്നു കൊടുക്കുമെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനമെങ്കിലും നടന്നില്ല. ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ ഒന്നരവർഷത്തിന് ശേഷമാണ് പുതിയ പാലം ഗതാഗതത്തിന് സജ്ജമായിരിക്കുന്നത്.





Leave a Reply