ഓണ്‍ലൈന്‍ ട്രേഡിങ്ങ് തട്ടിപ്പ്; ക്രിപ്‌റ്റോ കറന്‍സി സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ
കല്‍പ്പറ്റ: വൈത്തിരി സ്വദേശിയില്‍ നിന്ന് ആറര ലക്ഷം തട്ടിയ കേസില്‍ ഒരാളെ തൃശ്ശൂരിൽ നിന്ന് അറസ്റ്റ് ചെയ്ത് വയനാട് സൈബര്‍ പോലീസ്. തൃശൂര്‍, കിഴക്കേ കോടാലി, തേറാട്ടില്‍ വീട്ടില്‍ ടി.എസ്. ഹരികൃഷ്ണ(21)യെയാണ് വയനാട് സൈബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഷജു ജോസഫും സംഘവും പിടികൂടിയത്. വൈത്തിരി സ്വദേശിയില്‍ നിന്ന് നഷ്ടമായ പണം കല്‍ക്കത്തയിലുള്ള ഐ.സി.ഐ.സി.ഐ ബ്രാഞ്ചിലേക്കാണ് ക്രഡിറ്റ് ആയത്. നിമിഷങ്ങള്‍ക്കുള്ളില്‍ അത് ഹരികൃഷ്ണയുടെ കൈവശമുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫറായി. തുടര്‍ന്ന്, അക്കൗണ്ടിലുള്ള പണം ക്രിപ്‌റ്റോ കറന്‍സിയാക്കി ബിനാന്‍സ് ആപ്പ് വഴി വിവിധ ഐഡികളിലൂടെ കൈമാറുകയായിരുന്നു. വിവിധ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ക്രിപ്‌റ്റോ കറന്‍സിയാക്കി തട്ടിപ്പുകാര്‍ക്ക് കൈമാറുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഹരികൃഷ്ണ. ഇതിനുള്ള കമ്മീഷനാണ് ഇയാള്‍ക്ക് ലഭിക്കുക. പ്രതിയുടെ പക്കല്‍ നിന്നും തട്ടിപ്പിനുപയോഗിച്ച ഏഴോളം എ.ടി.എം കാര്‍ഡുകളും ഫോണും, സിമ്മും പിടിച്ചെടുത്തുണ്ട്. ഹരികൃഷ്ണയുടെ കൈവശമുള്ള അക്കൗണ്ടിലേക്ക് ഒരു മാസത്തിനകം 50 ലക്ഷത്തോളം വന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി.
മെയ് മാസത്തിലാണ് വൈത്തിരി സ്വദേശിയില്‍ നിന്ന് ആറര ലക്ഷം തട്ടിയെടുത്തത്. വാട്സ്ആപ്പില്‍ നിരന്തരം ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ വലിയ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ് പ്ലാറ്റ്ഫോം മുഖാന്തിരമായിരുന്നു തട്ടിപ്പ് നടത്തിയത്. വ്യാജ ട്രേഡിങ് പ്ലാറ്റ്ഫോമില്‍ സൈന്‍ ഇന്‍ ചെയ്യിപ്പിച്ച് വിശ്വാസം നേടിയെടുത്തു. യഥാര്‍ത്ഥ ഓണ്‍ലൈന്‍ ട്രേഡിങ് സൈറ്റുകളില്‍ ട്രേഡിങ് നടത്തുന്നതുപോലെ ഷെയറുകള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കുന്ന വ്യാജ സൈറ്റില്‍ ലാഭ നഷ്ട കണക്കുകളും ബാലന്‍സും കാണിക്കുന്നത് കണ്ട് വിശ്വസിച്ചാണ് വൈത്തിരി സ്വദേശി ലക്ഷങ്ങള്‍ നിക്ഷേപിച്ചത്. പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോഴാണ് ചതി മനസിലായത്. എ.എസ്.ഐ റസാക്ക്, സി.പി.ഒമാരായ മുഹമ്മദ് അനീസ്, പി.പി. പ്രവീണ്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
ജാഗ്രത വേണം- വയനാട് സൈബര്‍ പോലീസ്
വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ട്രേഡിങ് നടത്തുന്നവരുടെ ഫോണ്‍ നമ്പരുകളും മറ്റു വിവരങ്ങളും ശേഖരിച്ച് വാട്സ്ആപ്പിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും നിരന്തരം ബന്ധപ്പെട്ട് കൂടുതല്‍ ലാഭകരമായി ട്രേഡിങ് നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നടത്തുന്ന തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് വയനാട് സൈബര്‍ പോലീസ് അറിയിച്ചു. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാ ല്‍ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ല്‍ അറിയിക്കണം. എത്രയും നേരത്തേ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്സൈറ്റിലും പരാതികള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
Leave a Reply