നവകേരള സദസിലെ വികസന നിര്‍ദ്ദേശങ്ങള്‍ യാഥാര്‍ത്ഥ്യമാവുന്നു; ജില്ലയ്ക്ക് 21 കോടി-മാനന്തവാടി മെഡിക്കല്‍ കോളേജിന് ഏഴ് കോടിയും
കൽപ്പറ്റ : വയനാട് ജില്ലയിലെ നവകേരള സദസില്‍ ഉന്നയിച്ച പരാതികളുടെയും വികസന നിര്‍ദ്ദേശങ്ങളുടെയും മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ.ആര്‍ കേളുവിന്റെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ജില്ലയിലെ വികസന പ്രവർത്തനങ്ങൾക്ക് 21 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ മൂന്ന് നിയമസഭാ മണ്ഡലത്തിനും ആദ്യഘട്ടത്തിൽ ഏഴ് കോടി രൂപയാണ് ലഭിക്കുക. സംസ്ഥാന സര്‍ക്കാര്‍ 1000 കോടി രൂപയാണ് നവകേരള സദസ്സില്‍ ഉയര്‍ന്ന് വന്ന വികസന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനായി വകയിരുത്തിയത്. മാനന്തവാടി മണ്ഡലത്തിന് ലഭിക്കുന്ന 7 കോടി രൂപ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ അത്യാധുനിക ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് വിനിയോഗിക്കും. ഇതിലൂടെ ജില്ലയിലെ ചികിത്സാ രംഗത്തെ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാനാവുമെന്ന് മന്ത്രി പറഞ്ഞു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ ഉറപ്പാക്കാനും സാധിക്കും. അടിയന്തിര ഘട്ടങ്ങളില്‍ ചികിത്സയ്ക്കായി മറ്റ് ആശുപത്രികളെ ആശ്രയിക്കുന്നത് ഒഴിവാക്കാനും സാധിക്കും. മാനന്തവാടി മെഡിക്കല്‍ കോളേജില്‍ അത്യാധുനിക സി.ടി സ്‌കാനര്‍ സ്ഥാപിക്കുതിന് 3.95 കോടിയും, ഡിജിറ്റല്‍ എക്‌സറേ സ്ഥാപിക്കുതിന് 1.71 കോടിയും സിആം മെഷീന്‍ സ്ഥാപിക്കുതിന് 40 ലക്ഷവും ലാപ്രോസ്‌കോപിക് മെഷീന്‍ സ്ഥാപിക്കുതിന് 95 ലക്ഷം രൂപയുമാണ് വിനിയോഗിക്കുക. മെഡിക്കല്‍ കോളേജില്‍ ആവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ആശുപത്രിയില്‍ കാര്‍ഡിയോളജിസ്റ്റിന്റെ മുഴുവന്‍ സമയ സേവനം ലഭിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
ജില്ലയിൽ നടപ്പാക്കുന്ന വികസന പദ്ധതികള്‍ 18 മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്. ജില്ലാ കളക്ടര്‍, നിയമ സഭാംഗങ്ങള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, സാങ്കേതിക സ്ഥാപനങ്ങള്‍ എന്നിവയുടെ ഏകോപനത്തിലൂടെയാണ് പദ്ധതി തെരഞ്ഞെടുക്കേണ്ടത്. യോഗത്തില്‍ ജില്ലാ കളക്ടര്‍ ആര്‍.ഡി മേഘശ്രീ, എ.ഡി.എം കെ. ദേവകി, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, അസിസ്റ്റന്റ് കളക്ടര്‍ ഗൗതംരാജ്, നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവര്‍ പങ്കെടുത്തു.
Leave a Reply