ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് തമിഴ്‌നാട് തൗഹീദ് ജമാഅത്ത് സഹായം കൈമാറി
കല്‍പ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരില്‍ 110 കുടുംബങ്ങള്‍ക്ക് തമിഴ്‌നാട് തൗഹീദ് ജമാഅത്ത് 5,000 രൂപ വീതം നല്‍കി. പൂത്തകൊല്ലിയില്‍ നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി എ. മുജീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ കാഞ്ചീപുരം ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
ചെന്നൈ ആസ്ഥാനമായി 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രസ്ഥാനമാണ് തമിഴ്‌നാട് തൗഹീദ് ജമാഅത്ത് എന്ന് ഭാരവാഹികള്‍ പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളം, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ പ്രസ്ഥാനത്തിനു ഘടകങ്ങളുണ്ട്.
ഉരുള്‍പൊട്ടലിനെക്കുറിച്ച അറിഞ്ഞയുടന്‍ സേവന-സഹായ സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ദുരന്തത്തിന്റെ ആദ്യ ദിനങ്ങളില്‍ ബന്ധുവീടുകളിലേക്കു താത്കാലികമായി താമസം മാറ്റിയതടക്കം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് ഒന്നര ടണ്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു. ദിവസങ്ങളോളം സേവന രംഗത്ത് പ്രവര്‍ത്തകര്‍ സജീവമായിരുന്നു. കൊവിഡ്, പ്രളയ കാലത്തും സംഘടന വയനാട്ടില്‍ സഹായം എത്തിച്ചിരുന്നു. പ്രളയകാലത്തുമാത്രം 1.4 കോടി രൂപയുടെ സഹായമാണ് ലഭ്യമാക്കിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
Leave a Reply