തീരാ നോവായ് വെള്ളാർമല
കൽപ്പറ്റ : നാടിനെ നടുക്കിയ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ സകലതും നഷ്ടമായപ്പോൾ ഒപ്പം ഇല്ലാതായത് ഒരു നാടിന്റെ പ്രതീക്ഷയും വാഗ്ദാനവുമായിരുന്ന ചൂരൽമലയിലെ ഏക വിദ്യാലയമായ വെള്ളാർ മല ജിവിഎച്ച്എസ്എസ് സ്കൂൾ കൂടെയാണ്. “അതൊരു വിദ്യാലയം എന്നതിനപ്പുറം ഒരു കുടുംബം തന്നെയായിരുന്നു” ഉണ്ണികൃഷ്ണൻ മാഷ് വേദനയോടെ പറഞ്ഞ വാക്കുകളാണിവ. ആരാണ് ഉണ്ണികൃഷ്ണൻ മാഷ് എന്ന് ചോദിച്ചാൽ വെള്ളാർ മല സ്കൂളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും ഒപ്പം രക്ഷിതാക്കൾക്കും നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ട ഒരു അധ്യാപകൻ. സ്കൂളിലെ വിദ്യാർഥികളെ സ്വന്തം മക്കളെ പോലെ സ്നേഹിച്ചു കൂടെ കൂട്ടിയ അവരുടെ സ്വന്തം ഉണ്ണി മാഷ്. സന്തോഷം നിറഞ്ഞ നിന്നൊരു വിദ്യാലയം ഇന്ന് അതിന്റെ ശേഷിപ്പുകൾ പോലും ഇല്ലതായിരിക്കുന്നു. ഏറെ വേദനയോടെയാണ് ഉണ്ണികൃഷ്ണൻ മാഷ് ഈ ദുരന്തത്തെ പറ്റി പറയുന്നത്. താൻ ഏറെ സ്നേഹിച്ച തന്നെയേറെ സ്നേഹിച്ച പിഞ്ചുമക്കളും നാട്ടുകാരും ഇന്ന് അവിടെയില്ല. എല്ലാം ഈ മഹാദുരന്തത്തിൽ നഷ്ടപ്പെട്ടു. നിരവധി പേരുടെ ജീവനും ഒരു പ്രദേശത്തെ മുഴുവനായും കവർന്നെടുത്തുകൊണ്ടാണ് ഈ മഹാദുരന്തം കടന്നുപോയത്.
ചൂരൽമല നിവാസികൾ ഉണ്ണികൃഷ്ണൻ മാഷിനെ ഒരു അധ്യാപകൻ എന്നതിലുപരി സ്വന്തം കൂടപ്പിറപ്പായി കുടുംബാംഗമായാണ് കണ്ടത്. വിദ്യാർത്ഥികളെ അറിഞ്ഞ് അവരുടെ ജീവിത സാഹചര്യവും കൂടെ മനസ്സിലാക്കി അവരോടൊപ്പം നിന്നൊരു അധ്യാപകനാണ്. സ്കൂളിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഓരോ ലയങ്ങളിലും കയറിയിറങ്ങി ഓരോ വീട്ടിലും ചെന്ന് അവരുടെ സ്നേഹവും കരുതലും നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും കുട്ടികളെ മുന്നോട്ട് എത്തിക്കുന്നതിൽ മാഷ് വഹിച്ച പങ്ക് ചെറുതല്ല. സ്നേഹിച്ചും ലാളിച്ചും തന്റെ ഹൃദയത്തിൽ ചേർത്തുവച്ച പിഞ്ചുമക്കളും നാട്ടുക്കാരും ഒരു രാത്രിയോടെ ഇല്ലാതായത് മാഷിന് ഉൾക്കൊള്ളാവുന്നതിലും അപ്പുറം ഹൃദയഭേദകമാണ്. കളിയും ചിരിയുമായി സ്കൂൾ മുറ്റത്ത് ഓടിനടന്ന പിഞ്ചുകുഞ്ഞുങ്ങളിൽ പലരും ഇന്ന് ജീവനോടെയില്ല. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരിൽ മിക്കവരും ഇന്ന് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. തന്റെ ബന്ധു മരിച്ചതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയത് കൊണ്ട് മാത്രമാണ് ഈ ദുരിതത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു. ഉള്ള് നീറുന്ന വേദനയിലും തന്റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വേണ്ടി ദുരിതാശ്വാസ ക്യാമ്പിൽ പ്രവർത്തിക്കുകയാണ് അദ്ദേഹം.





Leave a Reply