September 8, 2024

വയനാട്ടിലെ 13 വില്ലേജുകൾ പരിസ്ഥിതിലോല പ്രദേശം,

0
Img 20240803 090147

 

കൽപ്പറ്റ: വയനാട്ടിലെ 13 വില്ലേകൾ ഉൾപ്പെടെ പശ്ചിമഘട്ടത്തിലെ 56,825.7 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല പ്രദേശമാക്കുന്നതിന്റെ കരട് വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി. കേരളത്തിലെ 131 വില്ലേജുകളും കരട് വിജ്ഞാപനത്തിലെ പട്ടികയിലുണ്ട്.

മാനന്തവാടി താലൂക്കിലെ പേരിയ, തിരുനെല്ലി, തൊണ്ടര്‍നാട്, തൃശ്ശിലേരി, ബത്തേരി താലൂക്കിലെ കിടങ്ങനാട്, നൂല്‍പ്പുഴ, വൈത്തിരി താലൂക്കിലെ അച്ചൂരാനം, ചുണ്ടേല്‍, കോട്ടപ്പടി, കുന്നത്തിടവക, പൊഴുതന, തരിയോട്, വെള്ളരിമല എന്നിങ്ങനെ വയനാട് ജില്ലയിലെ 13 വില്ലേജുകളാണ് പട്ടികയിലുള്ളത്.

കരട് വിജ്ഞാപനത്തിൽ അഭിപ്രായം അറിയിക്കാൻ പൗരന്മാർക്ക് 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്, അതിനുശേഷമായിരിക്കും അന്തിമ വിജ്ഞാപനത്തെ സംബന്ധിച്ച് തീരുമാനം എടുക്കുക.

 

കേരളത്തില്‍ ആകെ 9,993.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം കരട് വിജ്ഞാപനം പ്രകാരം പരിസ്ഥിതിലോലമാകും. കേരളം ഉൾപ്പെടെ 6 സംസ്ഥാനങ്ങളിലായിട്ടാണു 56,825.7 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശം പരിസ്ഥിതിലോലമായി പ്രഖ്യാപിക്കുക. ജൂലൈ 31നാണ് കേന്ദ്രസർക്കാർ കരട് വിജ്ഞാപനം പുറത്തിറക്കിയത്.

ഇത് ആറാം തവണയാണ് കേന്ദ്ര സർക്കാർ കരട് വിജ്ഞാപനം പുറത്തിറക്കിയത്. പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളിൽ ഖനനം, ക്വാറികളുടെ പ്രവര്‍ത്തനം, മണലെടുപ്പ് തുടങ്ങിയവ നിരോധിക്കും. പുതിയ താപവൈദ്യുത നിലയങ്ങൾ തുടങ്ങുകയോ, നിലവിലുള്ളവ വികസിപ്പിക്കുകയോ ചെയ്യരുതെന്നും കരടിൽ നിർദേശമുണ്ട്. കോതമംഗലം താലൂക്കിലെ കുട്ടംപുഴ വില്ലേജ്, ദേവികുളം താലൂക്കിലെ 14 വില്ലേജുകള്‍, ഇടുക്കി താലൂക്കിലെ 9 വില്ലേജുകൾ, പീരുമേട് താലൂക്കിലെ എട്ട് വില്ലേജുകള്‍, തൊടുപുഴ താലൂക്കിലെ രണ്ടു വില്ലേജുകള്‍, ഉടുമ്പുംചോല താലൂക്കിലെ 18 വില്ലേജുകള്‍, ഇരിട്ടി താലൂക്കിലെ രണ്ടു വില്ലേജുകള്‍, തലശ്ശേരി താലൂക്കിലെ ഒരു വില്ലേജ്, പത്തനാപുരം താലൂക്കിലെ രണ്ടു വില്ലേജുകള്‍, പുനലൂര്‍ താലൂക്കിലെ ആറ് വില്ലേജുകള്‍ എന്നിവ കരട് വിജ്ഞാപന പ്രകാരം പരിസ്ഥിത ലോല പ്രദേശമാകും.

ഇതിനു പുറമെ കാഞ്ഞിരപ്പള്ളിയിലെ കൂട്ടിക്കൽ വില്ലേജ്, മീനച്ചിലിലെ മൂന്ന് വില്ലേജുകള്‍, കൊയിലാണ്ടിയിലെ രണ്ട് വില്ലേജുകള്‍, താമരശ്ശേരിയിലെ ആറ് വില്ലേജുകള്‍, വടകരയിലെ രണ്ട് വില്ലേജുകള്‍, നിലമ്പൂരിലെ 11 വില്ലേജുകള്‍, ആലത്തൂരിലെ ഒരു വില്ലേജ്, അട്ടപ്പാടിയിലെ ആറ് വില്ലേജുകള്‍, ചിറ്റൂരിലെ മൂന്ന് വില്ലേജുകള്‍, മണ്ണാര്‍ക്കാടിലെ ഒരു വില്ലേജ്, പാലക്കാടിലെ മൂന്ന് വില്ലേജുകള്‍, കോന്നിയിലെ നാല് വില്ലേജുകള്‍, റാന്നിയിലെ മൂന്ന് വില്ലേജുകള്‍, കാട്ടാക്കടയിലെ നാലു വില്ലേജുകള്‍, നെടുമങ്ങാട്ടെ മൂന്ന് വില്ലേജുകള്‍, ചാലക്കുടിയിലെ രണ്ട് വില്ലേജുകള്‍ എന്നിവയും പട്ടികയിലുണ്ട്.

2022 ജൂലൈയിലാണ് ഇതിന് മുൻപ് സർക്കാർ കരട് വിജ്ഞാപനം പുറത്തിറക്കിയത്. സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും വിജ്ഞാപനം അന്തിമമാക്കണോയെന്നു കേന്ദ്ര സർക്കാർ തീരുമാനിക്കുക. കേരളത്തിന് പുറമെ, തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ ആറ് സംസ്ഥാനങ്ങളിലായാണ് 56,825.7 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. 2013ലാണ് ഇതിന്റെ നടപടികൾ സർക്കാർ ആരംഭിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *