September 17, 2024

ക്യാമ്പുകളിൽ സ്നേഹസ്പര്‍ശമായി ആയുര്‍വേദം

0
20240806 173329

കൽപ്പറ്റ : വയനാട് ദുരന്തത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരെ കരുതലോടെ ചേർത്ത് പിടിക്കുകയാണ് ആയുഷ് വകുപ്പിലെ ആയുർവേദ വിഭാഗം. ദുരന്തത്തിന്‍റെ ആദ്യദിനം തന്നെ മേപ്പാടി ദുരിതാശ്വസ ക്യാമ്പിൽ അടിയന്തര ആയുർവേദ ക്യാമ്പ് സജ്ജമാക്കി. തുടര്‍ന്ന് ക്യാമ്പുകളിൽ രാവിലെ എട്ടു മണി മുതൽ ആറു മണി വരെയും കൂടുതൽ പേരുള്ള ക്യാമ്പുകളിൽ രാത്രി പത്തു വരെയും ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരെ നിയോഗിച്ചു. ആയുർവേദ മരുന്നുകൾ, ബാൻഡേജിങ്, ഇൻഫ്രാറെഡ് തെറാപ്പി തുടങ്ങിയ സേവനങ്ങളും നൽകിവരുന്നു. ക്യാമ്പുകളിലെ ഓരോ മുറികളിലും ഡോക്ടർമാരെത്തി രോഗികളെ കണ്ടും പരിശോധനകൾ നടത്തിയും പ്രാഥമിക ചികിത്സ നല്‍കിയും വകുപ്പ് സജീവമാണ്.

 

ചെറിയ ഒടിവ്, ചതവ് അടക്കമുള്ള പരിക്കുകൾ ചികിത്സിക്കുന്നതിനും മാനസിക പ്രയാസങ്ങൾക്ക് കൗൺസിലിങ് നൽകുന്നതിനും മരുന്നുകൾക്കുമായി മറ്റു ജില്ലകളിൽ നിന്നുള്‍പ്പെടെ പതിനേഴോളം സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ജില്ലയിലുണ്ട്. മുണ്ടക്കൈയിൽ ആർമി, എൻ.ഡി.ആർ.എഫ്, പോലീസ് തുടങ്ങിയ രക്ഷാപ്രവർത്തകർക്ക് പ്രത്യേക ക്യാമ്പ് വഴി ആയുർവേദ വൈദ്യ സഹായവും തെറാപ്പിസ്റ്റുകളുടെ സേവനവും ഉറപ്പു വരുത്തുന്നുണ്ട്.

 

അവശ്യ ആയുർവേദ മരുന്നുകൾ, ബയോമെഡിക്കൽ ഉപകരണങ്ങൾ യഥാസമയം ജീവനക്കാരെ എത്തിക്കുന്നതിനായി മൂന്നു വാഹനങ്ങൾ എന്നിവയും നാഷണൽ ആയുഷ് മിഷൻ ഒരുക്കിയിരുന്നു. മേപ്പാടി ഗവ ആയുർവേദ മൊബൈൽ ഡിസ്പെൻസറിയിൽ ജീവനി എന്ന പേരില്‍ പഞ്ചകർമ്മ തിയേറ്റർ ഒരുക്കിയിട്ടുണ്ട്. ജില്ലാ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എ പ്രീത, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ .ഡോ ഹരിത ജയരാജ് എന്നിവരുടെ നേതൃത്വത്തിലാണ് ആയുർവേദ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടക്കുന്നത്. ജനറൽ കൺവീനർ ഡോ അരുൺ കുമാർ, മേപ്പാടി മൂപ്പൈനാട് ഗവ ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർമാരായ ഡോ ഹരിശങ്കർ, ഡോ രേഖ സി.എൻ എന്നിവർ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് സേവനങ്ങള്‍ ലഭ്യമാക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *