September 17, 2024

രക്ഷാ ദൗത്യത്തില്‍ സേവനനിരതമായത് 500ലേറെ ആംബുലന്‍സുകള്‍

0
20240809 165246

മേപ്പാടി : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് രാപ്പകല്‍ ഭേദമന്യേ രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി 500ലേറെ ആംബുലന്‍സുകള്‍. ദുരന്തവിവരങ്ങള്‍ പുറത്തുവന്നതു മുതല്‍ വിശ്രമമില്ലാത്ത ഓട്ടത്തിലാണവ. ദുരന്ത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റാനും പരിക്കേറ്റവരെ ആശുപത്രികളിലെത്തിക്കാനും ആംബുലന്‍സുകള്‍ കുതിച്ചുപാഞ്ഞു. അടുത്ത ഘട്ടത്തില്‍ മൃതദേഹങ്ങള്‍ ആശുപത്രികളിലേക്കും പിന്നീട് അവ സംസ്‌ക്കരിക്കുന്ന ഇടങ്ങളിലേക്കും കൊണ്ടുപോകാനും ആംബുലന്‍സുകള്‍ കര്‍മനിരതമായി.

 

ആരോഗ്യവകുപ്പിന്റെ കീഴില്‍ വിവിധ ആശുപത്രികളിലുള്ള 50 ലേറെ ആംബുലന്‍സുകളും മോട്ടോര്‍ വാഹന വകുപ്പ് സ്വകാര്യ ആശുപത്രികളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും അടിയന്തരമായി ഏറ്റെടുത്ത 237 ആംബുലന്‍സുകള്‍സുകളും രക്ഷാദൗത്യത്തിന്റെ സൈറണ്‍ മുഴക്കി ജില്ലയില്‍ തലങ്ങും വിലങ്ങും ഇടതടവില്ലാതെ ഓടിക്കൊണ്ടിരുന്നു. ജില്ലയ്ക്ക് അകത്തും പുറത്തും നിന്നുമായി വിവിധ സന്നദ്ധ സംഘടനകളുടെയും മറ്റും 200 ഓളം സ്വകാര്യ ആംബുലന്‍സുകളും ദുരന്ത മേഖലയില്‍ സേവനസജ്ജമായി എത്തിച്ചേര്‍ന്നു.

 

ആരോഗ്യവകുപ്പിന്റെ കൈവശമുള്ള രണ്ടെണ്ണം ഉള്‍പ്പെടെ അത്യാധുനിക സംവിധാനത്തോടെയുള്ള 36 അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകള്‍ ദുരന്തമേഖലകളിലും ആശുപത്രികളിലുമായി അടിയന്തര സേവനങ്ങള്‍ നല്‍കി. ജില്ലാ ഭരണകൂടങ്ങളുടെയും ജില്ലാ മെഡിക്കല്‍ ഓഫീസറിന്റെയും നേതൃത്വത്തില്‍ കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നും 11 അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളും തൃശ്ശൂരില്‍ നിന്ന് 10 ഫ്രീസര്‍ ആംബുലന്‍സുകളും വിവിധ ആശുപത്രികളിലും ക്യാമ്പുകളിലും ദുരന്ത മേഖലകളിലും സേവനത്തില്‍ മുഴുകിയിരിക്കുകയാണ്.

 

ദുരന്തമേഖലകളിലെയും ആശുപത്രികളിലെയും സേവനങ്ങള്‍ക്കു പുറമെ, ദുരിതാശ്വാസ ക്യാംപുകളില്‍ മെഡിക്കല്‍ സേവനങ്ങളും മരുന്നുകളും ഭക്ഷണങ്ങളും അടിയന്തര സാധനങ്ങളും എത്തിക്കാനും ആംബുലന്‍സുകളുടെ സേവനം ഉപയോഗപ്പെടുത്തിവരുന്നുണ്ട്. നിലവില്‍ ദുരന്തത്തിനു ശേഷമുള്ള അടിയന്തര ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സജീവമാണ് ഈ ആംബുലന്‍സുകള്‍.

 

വയനാട് ആര്‍ടിഒ ഇ മോഹന്‍ദാസ്, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കെ ആര്‍ സുരേഷ്, ഡെപ്യൂട്ടി ഡിഎംഒ ആന്‍സി മേരി ജേക്കബ്, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. ജെറിന്‍ എസ് ജെറോഡ്, ഫോര്‍മാന്‍ രാകേഷ് തുടങ്ങിയരുടെ നേതൃത്വത്തിലുള്ള ടീമാണ് ആംബുലന്‍സുകളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *