വയനാട്ടിൽ വീണ്ടും ലഹരി വേട്ട തുടരുന്നു
കൽപ്പറ്റ: വയനാട്ടിൽ ലഹരി കേസുകളിൽ പിടിക്കപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. നിരവധി കേസുകളാണ് ഈ ഒരു ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ലഹരി വേട്ടയ്ക്കെതിരെയുള്ള ഓപ്പറേഷൻ ഡി ഹണ്ട് തുടരുകയാണ് വയനാട് പോലീസ്. ഇതിന്റെ ഭാഗമായുള്ള അന്വേഷണത്തിൽ മൂന്ന് ദിവസത്തിനിടെ ജില്ലയിലെ വിവിധ സ്‌റ്റേഷനുകളില്‍ 29 കേസുകളിലായി 30 പേരെയാണ് പിടികൂടിയത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ചുങ്കം ഭാഗത്ത് നിന്നും 900 ഗ്രാം കഞ്ചാവുമായി നീലഗിരി ചേരമ്പാടി ഈറക്കൽ സിദ്ദീഖ് മരക്കാർ (48) എന്നയാളെ പിടികൂടി. കഴിഞ്ഞദിവസം മാനന്തവാടി എക്സൈസ് ഇൻസ്പെക്ടർ കെ സുനിലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മാനന്തവാടി താലൂക്കിലെ ആറോല ഭാഗത്ത് ദാരോത്ത് ഉന്നതിയിലെ ബാലന്റെ വീട്ടിൽ നിന്നും 10 ലിറ്റർ ചാരായവും, 25 ലിറ്റർ വാഷും പിടിച്ചെടുക്കുകയും ബാലനെ അബ്കാരി കേസിൽ പെടുത്തി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വൈത്തിരി പോലീസ് വ്യാഴാഴ്ച്ച പുലര്‍ച്ചെ നടത്തിയ പരിശോധനയില്‍ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി വൈത്തിരി പൂക്കോട് പറമ്പൂര്‍ വീട്ടില്‍ അജ്മല്‍ റിസ്വാന്‍(26), തൈലക്കുന്ന് ഓടുമല കുണ്ടില്‍ വീട്ടില്‍ ഒ.എ. അഫ്‌സല്‍(23) എന്നിവരെ വില്‍പ്പനക്കായി സൂക്ഷിച്ച 6.28 ഗ്രാം എം.ഡി.എം.എയുമായി പോലീസ് പിടികൂടിയിരുന്നു. കാപ്പാ കേസ് ചുമത്തി നാടുകടത്തിയ പ്രതി ലക്കിടി തളിപ്പുഴ രായിന്‍ മരക്കാര്‍ വീട്ടില്‍ ആര്‍. ഷാനിബ്(26) നെ 150 ഗ്രാം കഞ്ചാവുമായി കൽപ്പറ്റ ബൈപ്പാസ് റോഡിൽ നിന്നും കല്‍പ്പറ്റ എസ്.ഐ ടി അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നു.
Leave a Reply