വയനാട് മേഖലകളിൽ വർദ്ധിച്ചുവരുന്ന വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം വേണം: സോഷ്യൽ ഓഡിറ്റിംഗ് നടത്തണം കെസിവൈഎം
മാനന്തവാടി: വയനാട് നീലഗിരി മേഖലകളിൽ വർദ്ധിച്ചുവരുന്ന വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം സർക്കാർ കാണണമെന്നും വനത്തിനുള്ളിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഒരു സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും കെസിവൈഎം മാനന്തവാടി രൂപത. കെസിവൈഎം ഭാരവാഹികളുടെ സംഗമമായ യൂത്ത് ലിങ്ക് പരിപാടിയിൽ വച്ച് കെസിവൈഎം ബത്തേരി മേഖലാ പ്രസിഡൻ്റ് അമൽ ജോൺസ് തൊഴുത്തുങ്കൽ പ്രസ്‌തുത വിഷയത്തിൽ പ്രമേയ അവതരണം നടത്തി. രൂപത പ്രസിഡന്റ് ജിഷിൻ മുണ്ടക്കത്തടത്തിൽ അധ്യക്ഷത വഹിച്ച യൂത്ത് ലിങ്ക് പരിപാടിയിൽ ബത്തേരി നീലഗിരി മുള്ളൻകൊല്ലി മേഖലകളിൽ നിന്നുള്ള ഭാരവാഹികൾ പങ്കെടുത്തു.
വയനാട് നീലഗിരി മേഖലകളിൽ കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിസ്സഹായരായി ജീവൻ പൊലിയുന്നവരുടെ പട്ടികയിലേക്ക് ഇടം പിടിക്കുന്നതും പേടിച്ചു കഴിയുകയാണ് ജനങ്ങൾ. കൃഷിനാശം മുതൽ ജീവഹത്യ വരെയുള്ള ദുഷ്‌കരമായ പാതയിലൂടെ കടന്നു പോവുകയാണ് ഇവിടെയുള്ളവർ. കഴിഞ്ഞ 30 വർഷത്തിനിടയിൽ 120 പേരാണ് വയനാട് ജില്ലയിൽ മാത്രമായി വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 2023-24 കാലഘട്ടത്തിൽ ജീവൻ നഷ്ടപ്പെട്ടത് 10 പേർക്കാണ്. ജീവനും സ്വത്തിനും ഭീഷണിയാകുന്ന വിധം വന്യമൃഗങ്ങൾ നാട്ടിൽ വിഹരിക്കുകയാണ്. ഇത്രയേറെ പ്രശ്നങ്ങൾ ഉണ്ടായിട്ടും വന്യമൃഗ ശല്യത്തിനെതിരെ ഒരു ശാശ്വത പരിഹാരവും ഈ നാട്ടിലെ സർക്കാരിനോ വനം വകുപ്പിനോ ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ ആയിട്ടില്ല. വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നതിൻ്റെ കാരണങ്ങൾ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വന്യ മൃഗങ്ങൾക്ക് ജീവിക്കാൻ ആവശ്യമായ സൗകര്യം കാട്ടിൽ തന്നെ ഒരുക്കുക എന്നത്. എന്നാൽ ഇതിൽ വനം വകുപ്പ് എത്രമാത്രം വിജയിച്ചിട്ടുണ്ട് എന്നത് പൊതുജനത്തിന് അറിവുള്ള കാര്യമല്ല. ആയതിനാൽ വനത്തിനുള്ളിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഒരു സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും എന്തെങ്കിലും തരത്തിലുള്ള അഴിമതികൾ നടന്നിട്ടുണ്ടെങ്കിൽ ശക്തമായ നടപടികൾ എടുക്കേണ്ടതാണെന്നും പ്രമേയത്തിൽ മേഖലകൾ ആവശ്യപ്പെട്ടു.
കെസിവൈഎം മാനന്തവാടി രൂപതാ ഡയറക്ടർ ഫാ.സാന്റോ അമ്പലത്തറ, രൂപത സെക്രട്ടറിമാരായ അലീഷ ജേക്കബ് തെക്കിനാലിൽ, ടെലിസ് സൈമൺ വയലുങ്കൽ, രൂപത ട്രഷറർ ജോബിൻ തുരുത്തേൽ, രൂപത കോഡിനേറ്റർ ജോബിൻ മാർട്ടിൻ തടത്തിൽ,രൂപത ആനിമേറ്റർ സി.ബെൻസി ജോസ് എസ്.എച്ച്, മുള്ളൻകൊല്ലി മേഖല പ്രസിഡന്റ് ക്രിസ്റ്റി കാരുവള്ളിത്തറ, നീലഗിരി മേഖല പ്രസിഡണ്ട് ബിനു തകരപ്പള്ളിൽ, മുള്ളൻകൊല്ലി മേഖല ഡയറക്‌ടർ ഫാ. മനോജ് കറുത്തേടത്ത്, ബത്തേരി ഫോറോന വികാരി ഫാ.തോമസ് മണക്കുന്നേൽ, മേഖല ആനിമേറ്റർമാരായ സി.നാൻസി എസ്എബിഎസ്, സി. ജെസ്സി മാനുവൽ എസ്എച്ച്, സി.ആൻസ് മരിയ എസ്എബിഎസ് എന്നിവർ സംസാരിച്ചു.





Leave a Reply