പുതിയ യാത്ര പുതിയ പ്രതീക്ഷകള്‍
മേപ്പാടി :ഒരു നാടിന്റെ നൊമ്പരങ്ങളെല്ലാം മറന്ന് പുതിയ പുലരികളിലേക്കുള്ള അവരുടെ യാത്രയും വേറിട്ടതായി. ചൂരല്‍മലയില്‍ നിന്നും മൂന്ന് കെ.എസ്.ആര്‍.ടി സി ബസ്സുകളിലായിരുന്നു കുട്ടികളുടെയെല്ലാം മേപ്പാടിയിലെ പുതിയ വിദ്യാലയത്തിലേക്കുള്ള യാത്ര.
ജനപ്രതിനിധികളും അധ്യാപകരും ഉദ്യോഗസ്ഥരുമെല്ലാം പങ്കുചേര്‍ന്ന അവരുടെ സ്‌കൂളിലേക്കുള്ള ആദ്യ ദിവസത്തെ യാത്രയും അവിസ്മരണീയമായി. യാത്രക്കിടയില്‍ നാടന്‍ പാട്ടിന്റെ ഈണത്തില്‍ വെള്ളാര്‍മലയിലെ മുതിര്‍ന്ന കുട്ടികള്‍ക്കൊപ്പം മുണ്ടക്കൈയിലെ കുഞ്ഞുകൂട്ടുകാരും താളംപിടിച്ചു. എല്ലാം മറന്ന് ഇത് ഇവരുടെ പുതിയ ജീവിതത്തിലേക്കുള്ള യാത്രകൂടിയാവുകയായിരുന്നു.
തേയിലേത്തോട്ടങ്ങളെ പിന്നിട്ട് ബസ്സുകള്‍ മേപ്പാടിയിലെത്തുമ്പോള്‍ ഇവരെയെല്ലാം മധുരം നല്‍കി സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയും മന്ത്രിമാരായ എ.കെ.ശശീന്ദ്രനും, ഒ.ആര്‍ കേളുവും ജനപ്രതിനിധികളും നാടും ഒന്നാകെ അവിടെയുണ്ടായിരുന്നു. പുതിയ കൂട്ടുകാരെ ബാന്‍ഡ് മേളത്തിന്റെ അകമ്പടിയിലായിരുന്നു വിദ്യാലയത്തിലേക്ക് ആനയിച്ചത്.
ആശങ്കകളും വേര്‍തിരിവുകളുമില്ലാതെ കുട്ടികളെല്ലാം അപരിചിതത്വത്തിന്റെ മതില്‍കെട്ടുകളില്ലാത്ത പുതിയ ക്ലാസ്സമുറികളിലും ഒത്തുചേര്‍ന്നു.
Leave a Reply