പിതാവിന് മകനോടുള്ള വൈരാഗ്യം മൂലം കഞ്ചാവ് കേസിൽ പെടുത്തി; സഹായി അറസ്റ്റിൽ. സംഘത്തിലെ മറ്റുള്ളവർക്കായി തിരച്ചിൽ
മാനന്തവാടി: മാനന്തവാടി ടൗണിലെ പി എ ബനാന എന്ന സ്ഥാപനത്തിൽ നിന്നും രണ്ട് കിലോ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കടയുടമയായ യുവാവിനെ കുടുക്കാനായി കടയിൽ കഞ്ചാവ് കൊണ്ടുവെച്ച സംഘത്തിലെ ഓട്ടോറിക്ഷ ഡ്രൈവറായപയ്യമ്പള്ളി കൊല്ലശ്ശേരിയിൽ ജിൻസ് വർഗീസ് (38)ആണ് അറസ്റ്റിലായത്. കേസിലെ മറ്റ് പ്രതികളായ ചെറ്റപ്പാലം പുത്തൻതറ വീട്ടിൽ അബൂബക്കർ, ഔത എന്ന അബ്ദുള്ള, കർണാടക സ്വദേശിയായ ഒരാൾ എന്നിവരെ പിടികൂടാനുണ്ട്. കടയുടമയായ നൗഫലിന്റെ പിതാവായ അബൂബക്കർ മകനോടുള്ള വൈരാഗ്യം മൂലം കഞ്ചാവ് കേസിൽ കുടുക്കുന്നതിനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് സംഘം രഹസ്യമായി 2.095 കിലോഗ്രാം കഞ്ചാവ് പ്രസ്‌ത കടയിൽ കൊണ്ട് വെച്ച ശേഷം എക്സൈസിന് രഹസ്യവിവരം നൽകിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രൻ കഞ്ചാവ് കണ്ടെടുത്ത് നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഗൂഢാലോചനയുടെ ചുരുളഴിഞ്ഞത്.
നടപടിക്രമങ്ങളുടെ ഭാഗമായി കടയുടമ നൗഫലിനെ കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് അന്ന് അറസ്റ്റ് ചെയ്‌തിരുന്നു. കേസിന്റെ അന്വേഷണം നടത്തിയതിൽ മേൽ കഞ്ചാവിനെകുറിച്ച് നൗഫലിന് അറിവില്ല എന്നും തന്നോട് വ്യക്തി വൈരാഗ്യമുള്ള മറ്റാരെങ്കിലും താൻ കടയിൽ ഇല്ലാതിരുന്ന സമയത്ത് കൊണ്ടുവച്ചതാവാം എന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സിസിടിവി യും സാക്ഷി മൊഴികളും മറ്റും പരിശോധിച്ചു അന്വേഷണം നടത്തിയതിൽ നൗഫലിൻ്റെ നിരപരാധിത്വം വ്യക്തമാകുകയായിരുന്നു. നൗഫലിനെ കോടതിയിൽ ഹാജരാക്കിയതിൽ മേൽ കാര്യം കോടതിക്കും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നൗഫലിനെ ജാമ്യത്തിൽ വിട്ടിരുന്നു.
കടയിൽ കഞ്ചാവ് ഒളിപ്പിച്ച് മനപ്പൂർവ്വം നൗഫലിനെ പ്രതിയാക്കാൻ ശ്രമിച്ചവരെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന് വ്യക്തമായ തെളിവ് ലഭിച്ചതിനെ തുടർന്ന് പരിസരപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും സാക്ഷി മൊഴികളും പരിശോധിച്ചതിൽ കെ എൽ 12 ജി 9032 എന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറായ ജിൻസിലേക്കെത്തുകയായിരുന്നു.നൗഫലിനെ കഞ്ചാവ് കേസിൽപ്പെടുത്തി ജയിലിലാക്കുക എന്ന ലക്ഷ്യത്തോടെ അബൂബക്കറും അബൂബക്കറിന്റെ സുഹൃത്തായ ഔത ( അബ്ദുള്ള ) എന്നയാളും, ജിൻസ് വർഗീസും അബൂബക്കറിൻ്റെ പണിക്കാരനായ കർണാടക അന്തർസന്ധ സ്വദേശിയായ ഒരാളും മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച പ്രകാരം ഗൂഢാലോചന നടത്തിയ ശേഷം ജിൻസ് വർഗീസിന്റെ ഓട്ടോറിക്ഷയിൽ കഞ്ചാവ് കൊണ്ടുവന്ന് നൗഫലിന്റെ ഉടമസ്ഥതയിലുള്ള പി എ ബനാന എന്ന സ്ഥാപനത്തിൽ കൊണ്ടുവെച്ചതാണ് എന്ന് ആയത് അന്വേഷണ ഉദ്യോഗസ്ഥന് വ്യക്തമായി.
ഇതിനെ തുടർന്ന് ജിൻസ് വർഗീസിനെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. തുടർന്ന് കൽപ്പറ്റ അഡീഷണൽ സെഷൻസ് കോടതി -|| ൽ ഹാജരാക്കിയ ഇയാളെ റിമാന്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട മറ്റുപ്രതികളെ ഉടൻ തന്നെ പിടികൂടുമെന്ന് എക്സൈസ് വ്യക്തമാക്കി.





Leave a Reply