മാലിന്യ പ്ലാന്റ് തീപിടുത്തം; ഹരിത കരസേന ധർണ നടത്തി
പനമരം: പഞ്ചായത്തിലെ മാലിന്യ സംഭരണ കേന്ദ്രത്തിനു തീപിടിച്ച സംഭവത്തിൽ കുറ്റക്കാരെ പിടികൂടണം എന്ന് ആവശ്യപ്പെട്ട് ഹരിതകർമ സേനാംഗങ്ങൾ പഞ്ചായത്ത് ഓഫിസിനു മുന്നിൽ ധർണ നടത്തി. തങ്ങൾ ശേഖരിക്കുന്ന പ്ലാസ്‌റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കത്തിക്കുന്നതിൽ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചുമായിരുന്നു സമരം. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നു കർമ സേനാംഗങ്ങൾ ശേഖരിച്ചു കൊണ്ടുവരുന്ന പ്ലാസ്‌റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കാക്കത്തോട് ഭാഗത്തുള്ള നിക്ഷേപ കേന്ദ്രത്തിലാണു സൂക്ഷിക്കുന്നത്.
ഇവിടെ ഉണ്ടായിരുന്ന 2 ലക്ഷം രൂപയിൽ അധികം ലഭിക്കേണ്ട സാമഗ്രികളാണ് രാത്രി കത്തി നശിച്ചത്. കഴിഞ്ഞ വർഷം ഇതേ രീതിയിൽ തീ പിടിത്തം ഉണ്ടായപ്പോൾ സുരക്ഷാ സംവിധാനങ്ങൾ വേണമെന്നും ക്യാമറകൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. തീ പിടിത്തവുമായി ബന്ധപ്പെട്ടു സത്യസന്ധമായി അന്വേഷണ നടത്തണമെന്നും പ്രതികളെ പിടികൂടിയില്ലെങ്കിൽ വീണ്ടും ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നും സ്‌ഥിര സമിതി അധ്യക്ഷൻ കെ.ടി.സുബൈർ പറഞ്ഞു.





Leave a Reply