മുദ്ദുവിന് മുടങ്ങിയ പെൻഷൻ* *; *അദാലത്തിൽ തീരുമാനം
2023 ഏപ്രിൽ വരെ പെൻഷൻ കിട്ടിയതാണ്. പിന്നീട് നിന്നു പോയി. കാരണം അന്വേഷിച്ചപ്പോൾ റേഷൻ കാർഡും വരുമാന സർട്ടിഫിക്കറ്റും ഇല്ലാത്തതാണ് പെൻഷൻ നിന്നു പോകാൻ കാരണമെന്നറിഞ്ഞു. അദാലത്ത് തുണയായി. ഇനി എനിക്കും പെൻഷൻ കിട്ടും. അദാലത്തിൽ എത്തിയ അമ്പലവയലിൽ സുഹൃത്തിൻ്റെ വീട്ടിൽ താമസിക്കുന്ന എഴുപത് കാരനായ മുദ്ദു പറഞ്ഞു. ഇതിന് മുമ്പ് സ്വകാര്യ വൃദ്ധ സദനത്തിലായിരുന്നു. പെൻഷൻ മുടങ്ങാൻ അതും അധികൃതർ കാരണമായി പറഞ്ഞു. ഈ കാര്യങ്ങളെല്ലാം അദാലത്തിലെത്തി മന്ത്രിയോട് നേരിട്ട് പറയണം. അങ്ങിനെ ഉറപ്പിച്ചായിരുന്നു സുൽത്താൻ ബത്തേരിയിലെ അദാലത്ത് നടക്കുന്ന വേദിയിലെത്തിയത്. മുൻ കൂട്ടി പോർട്ടൽ വഴി പരാതിയും നൽകിയിരുന്നു. തിരക്കായാലും ഊഴം പോലെ മന്ത്രിക്കരികിലെത്തി കാര്യങ്ങൾ പറഞ്ഞു. ശ്രദ്ധാപൂർവ്വം പരാതി കേട്ട മന്ത്രി ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതരെ വിളിച്ചു വരുത്തി മുദ്ദുവിന് വാർദ്ധക്യ പെൻഷൻ ലഭ്യമാക്കാനുള്ള നടപടികൾക്ക് നിർദ്ദേശം നൽകി. വാർദ്ധക്യത്തിലും ഏകനായി കഴിയുന്ന മുദ്ദുവിന് മുടങ്ങിയ പെൻഷൻ കിട്ടുമെന്ന ഉറപ്പോടെയാണ് അദാലത്തിൽ നിന്നും മടങ്ങിയത്.
Leave a Reply