മുണ്ടക്കൈ, ചൂരൽമല ദുരന്തം: വീടും സമ്പത്തും നഷ്ടപ്പെട്ട സേനാംഗങ്ങൾക്ക് പോലീസിന്റെ കൈത്താങ്ങ്
മീനങ്ങാടി: വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ ഭാഗത്ത് ഉണ്ടായ വലിയ ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട പോലീസ് സേനാംഗങ്ങൾക്ക് കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ കൈത്താങ്ങ്. മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് പുതിയ വീട് നിർമ്മിക്കുന്നതിനായി കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം വാങ്ങി നൽകിയ മീനങ്ങാടി പാലക്കമൂലയിലെ 27.5 സെൻറ് സ്ഥലത്തിൻ്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി. കൽപറ്റ പോലീസ് സ്റ്റേഷനിലെ അനസ്, മേപ്പാടി പോലീസ് സ്റ്റേഷനിലെ ബിൻസിയ നസ്രിൻ, കോഴിക്കോട് സിറ്റിയിലെ ഷിഹാബുദ്ദീൻ എന്നിവർക്കാണ് കരുതലായത്. ഓരോരുത്തർക്കും ഒമ്പത് സെൻറിന് മുകളിൽ ലഭ്യമാക്കുന്ന ഭൂമിയുടെ ആധാരം മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കേരള പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഗുണഭോക്താക്കൾക്ക് കൈമാറി. വീട് നിർമ്മാണം കേരള പോലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയാണ് എടുത്തിരിക്കുന്നത്. എത്രയും വേഗം തന്നെ മൂന്നു വീടുകളുടെയും നിർമ്മാണം പൂർത്തിയാക്കി പ്രസ്തുത പോലീസ് ഉദ്യോഗസ്ഥർക്ക് നൽകും.
കൂടാതെ സർവ്വീസിലിരിക്കെ മരണമടഞ്ഞ ബത്തേരി പോലീസ് സ്റ്റേഷനിലെ ജിൻസൻ സണ്ണിയുടെ CPAS ആനുകൂല്യവും ചടങ്ങിൽ വച്ചു കൈമാറി. KPHCS വൈസ് പ്രസിഡണ്ട് സി.ആർ. ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് മുഖ്യാതിഥിയായി. KPHCS ഡയറക്ടർ പി.സി സജീവ് സ്വാഗതവും KPHCS സെക്രട്ടറി സാലിമോൾ കോശി നന്ദിയും പറഞ്ഞു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ബാബു, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ.വിനയൻ, KPHCS സമിതി ഭാരവാഹികൾ, കേരളാ പോലീസ് അസോസിയേഷൻ, ഓഫീസെഴ്സ് അസോസിയേഷൻ ജില്ലാ സംസ്ഥാന ഭാരവാഹികൾ, മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
Leave a Reply