കുടുംബശ്രീയുടെ കെ ഫോർ കെയർ പദ്ധതിക്ക് തുടക്കമായി
കൽപറ്റ: പാലിയേറ്റീവ് രംഗത്ത് കുടുംബശ്രീയുടെ നൂതന സംരഭമായ കെ ഫോര്‍ കെയര്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ദൈനംദിന ജീവിതത്തില്‍ മറ്റൊരാളുടെ സഹായം ആവശ്യമായി വരുന്ന കുടുംബങ്ങള്‍ക്ക് സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുകയാണ് കുടുംബശ്രീയുടെ കെ ഫോര്‍ കെയര്‍ പദ്ധതി. കെ ഫോര്‍ കെയര്‍ സേവനത്തിവന് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകളിലേക്ക് 8590148737 നമ്പറില്‍ വിളിക്കാം. ആദ്യഘട്ടത്തില്‍ വയോജനപരിപാലനം, രോഗി പരിചരണം, ഭിന്നശേഷി പരിചരണം, പ്രസവ ശുശ്രൂഷ സേവനങ്ങളും പിന്തുണയും ലഭ്യമാക്കുകയാണ് ലക്ഷ്യം. രണ്ടാംഘട്ടത്തില്‍ ശിശു പരിപാലനം, ആശുപത്രികളിലെ രോഗീപരിചരണം, മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ പരിചരണം പരസഹായമാവശ്യമായ എല്ലാ പരിചരണങ്ങള്‍ക്കും വിദഗ്ധ പരിശീലനം നേടിയ പ്രൊഫഷണല്‍ എക്‌സിക്യൂട്ടീവുകളുടെ സേവനം ഉറപ്പാക്കും. ജില്ലയില്‍ നിന്നുള്ള 61 വനിതകളാണ് രണ്ട് ഘട്ടങ്ങളിലായി വിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകള്‍ നേടിയത്. വീടുകളിലെ കിടപ്പുരോഗികള്‍, ഭിന്നശേഷിക്കാര്‍ എന്നിവരുള്ളതിനാല്‍ ജോലിക്ക് പോകാന്‍ കഴിയാത്ത അനേകം പേര്‍ക്ക് കെ ഫോര്‍ കെയര്‍ പദ്ധതി സഹായമാവുന്നതിനൊപ്പം നിരവധി വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കുമെന്ന് കുടുംബശ്രീ ജില്ല മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. കെ ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു.
Leave a Reply