ജീവനക്കാർക്കും അധ്യാപകർക്കും സർക്കാർ നിഷേധിക്കുന്നത് 65000 കോടി: എ.പി സുനിൽ*
മാനന്തവാടി: ജീവനക്കാർക്കും അധ്യാപകർക്കും കഴിഞ്ഞ മൂന്നു വർഷ കാലയളവിൽ മാത്രം തടഞ്ഞു വച്ച സാമ്പത്തിക ആനുകൂല്യങ്ങളിലൂടെ നിഷേധിക്കപ്പെടുന്നത് അറുപത്തി അയ്യായിരം കോടി രൂപയാണെന്നും ഇടതു സർക്കാർ സിവിൽ സർവീസിനെ കൊള്ളയടിച്ചിരിക്കുകയാണെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. സുനിൽ ആരോപിച്ചു. യുണൈറ്റഡ് ടീച്ചേഴ്സ് ആൻ്റ് എംപ്ലോയീസ് ഫെഡറേഷൻ മാനന്തവാടി താലൂക്ക് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ടി. ഇ എഫ് നിയോജക മണ്ഡലം ചെയർമാൻ സി.ജി. ഷിബു അധ്യക്ഷത വഹിച്ചു.
ഒന്നാം പിണറായി സർക്കാർ അവകാശങ്ങൾ നിഷേധിക്കുന്ന നയസമീപനമാണ് സ്വീകരിച്ചതെങ്കിൽ രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ജീവനക്കാരെ അക്ഷരാർത്ഥത്തിൽ കവർച്ച ചെയ്യുന്ന നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. ക്ഷാമബത്ത ഉത്തരവിൽ മുൻകാല കുടിശ്ശികയോ പ്രാബല്യ തിയതിയോ പറയാത്തത് കടുത്ത വഞ്ചനയാണ്. 2024 ജൂലായ് മുതൽ ശമ്പള പരിഷ്ക്കരണം ഡ്യൂ ആയി നിൽക്കുമ്പോഴും 2019-ലെ പരിഷ്ക്കരണത്തിൻ്റെ കുടിശ്ശിക ഇനത്തിൽ ഒരു രൂപ പോലും അനുവദിച്ചിട്ടില്ല. അഞ്ചു വർഷമായി സറണ്ടർ മരവിപ്പിച്ചിരിക്കുകയാണ്. ആരോഗ്യ ഇൻഷുറൻസ് പദ്ധതി സുതാര്യമായി നടപ്പിലാക്കുന്നതിനു പകരം അതിലൂടെയും ജീവനക്കാരൻ്റെ പോക്കറ്റിൽ നിന്നും കൈയ്യിട്ടുവാരാനാണ് സർക്കാർ ശ്രമിക്കുന്നത്. നിരന്തരമായ ആനുകൂല്യ നിഷേധങ്ങൾ ജീവനക്കാരെ അനിശ്ചിതകാല പണിമുടക്കിന് നിർബന്ധിതരാക്കിയിരിക്കുകയാണെന്നും എ.പി.സുനിൽ പറഞ്ഞു.
എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് രാജേഷ് ഖന്ന മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ രഞ്ജു.കെ.മാത്യു, എം.പി. ഷനിജ്, ജില്ലാ പ്രസിഡൻ്റ് കെ.റ്റി.ഷാജി, എച്ച്.എസ്.എസ്.ടി.എ ജില്ല പ്രസിഡന്റ് ബാബു ടി ആർ, കെ.ജി.ഒ.യു സംസ്ഥാന കൗൺസിൽ അംഗം വി ആർ ജയപ്രകാശ്, കെ.എസ്.ടി.യു ജില്ല സെക്രട്ടറി നിസാർ, എൻ.ജി.ഒ.എ ജില്ലാ സെക്രട്ടറി പി ജെ ഷൈജു
ടി. അജിത് കുമാർ, എം ജി അനിൽ കുമാർ, സി കെ ജിതേഷ്, പി.എച്ച് അഷ്‌റഫ് ഖാൻ, എൻ വി അഗസ്റ്റിൻ എം എ ബൈജു തുടങ്ങിയവർ സംസാരിച്ചു
Leave a Reply