വയനാട് ദുരന്തം: കേരള ജനതയെ വെല്ലുവിളിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ നവംബർ 19 ന് വയനാട് ജില്ലാ ഹർത്താൽ വിജയിപ്പിക്കുക. സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ.
കല്പറ്റ :ജൂലൈ 30 ന് വയനാട്ടിലുണ്ടായ രാജ്യത്തെ ആകെ ഞെട്ടിച്ച
ദുരന്തത്തിൻ്റെ വ്യാപ്തി തിരിച്ചറിഞ്ഞു കൊണ്ടാണ് ദേശീയ ദുരന്തമായി മുണ്ടക്കൈ-ചൂരൽമല ദുരന്തത്തെ പ്രഖ്യാപിക്കണമെന്നും അടിയന്തിരമായി കേന്ദ്ര സഹായം ലഭ്യമാക്കണമെന്നും ജനങ്ങൾ ഒരേ ശബ്ദത്തിൽ ആവശ്യപ്പെട്ടത്.
എന്നാൽ സംഘപരിവാർ താല്പര്യങ്ങൾക്ക് വിധേയപ്പെടാൻ വിസമ്മതിക്കുന്ന ജനങ്ങൾക്ക് നേരെയുള്ള പ്രതികാരമനോഭാവം മൂലം കേരളത്തിന് കേന്ദ്ര സഹായം നൽകില്ലെന്നും ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്നും അറിയിച്ച് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി കേരളത്തിന് കത്ത് നൽകിയിരിക്കുക യാണ്.
കേന്ദ്രസർക്കാറിൻ്റെ ഈ സമീപനം ദുരന്ത ബാധിതരോടുള്ള അവഗണന മാത്രമല്ല കേരള ജനതയോടുള്ള വെല്ലുവിളി കൂടിയാണ്. മോഡി സർക്കാറിൻ്റെ കേരളത്തോടുള്ള അവഗണന നിരന്തരം ആവർത്തിച്ചു കൊണ്ടിരിക്കയാണ്. 2019 നു മൂന്നാറിൽ 78 പേർ മരണമടഞ്ഞ പെട്ടിമുടി ദുരന്തത്തിൽ കേന്ദ്ര സർക്കാർ ദുരന്തബാധിതർക്ക് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നെങ്കിലും 5 വർഷങ്ങൾ പിന്നിട്ടിട്ടും ഒരു പൈസ പോലും നൽകാൻ ഇതുവരെയും തയാറായിട്ടില്ല.
ആർ എസ്സ് എസ്സ് നയിക്കുന്ന മോഡീ സർക്കാർ കേരള ജനതയോട് കാണിക്കുന്ന ഹീനമായ ഇത്തരം നടപടികൾക്കെതിരെ കേരള ജനത ശക്തമായി രംഗത്തിറങ്ങേണ്ടതുണ്ട്.
അതോടൊപ്പം, സംസ്ഥാനത്തിന് അവകാശപ്പെട്ട നികുതി വിഹിതം കൂടി കവർന്നെടുത്ത് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയ ജി എസ് ടി അടക്കമുള്ള സാമ്രാജ്യത്വാനുകൂല തീവ്ര വലതുപക്ഷ നയങ്ങൾ നടപ്പാക്കുന്നതിൽ മോദി സർക്കാരിന് പിണറായി സർക്കാരിൽ നിന്നും ലഭിക്കുന്ന പിന്തുണയുടെ കൂടി പിൻബലത്തിലാണ് കേന്ദ്രസർക്കാർ വൈരനിര്യാതന ബുദ്ധിയോടെ കേരള ജനതയെ വരിഞ്ഞു മുറുക്കാൻ ശ്രമിക്കുന്നത് എന്ന വസ്തുതയും തിരിച്ചറിയണം.
ദുരന്ത സഹായം കേന്ദ്ര
സർക്കാരിൻ്റെ ഔദാര്യമല്ലെന്നും
നികുതി ദായകരായ ഒരു സമൂഹത്തിൻ്റെ അവകാശമാണന്നും തിരിച്ചറിഞ്ഞ് , ജനങ്ങൾക്ക് നേരെയുള്ള ഇത്തരം വെല്ലുവിളികളെ ചെറുക്കേണ്ടതുണ്ട്.
- ചെറുത്തു നിൽപ്പുകളെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി നവംബർ 19 ന് നടത്തുന്ന ജില്ലാ ഹർത്താൽ വിജയിപ്പിക്കണമെന്ന് എല്ലാ വിഭാഗം ജനങ്ങളോടും അഭ്യർത്ഥിക്കുന്നു.
Leave a Reply