കുളങ്ങളിലെ വെള്ളം വറ്റി തുടങ്ങി മീൻപിടുത്തവും സജീവമായി
പനമരം:കാലവർഷത്തിൽ പുഴകൾ കരകവിഞ്ഞു വെള്ളം കയറി മൂടിയ കുളങ്ങളിലും തോടുകളിലും വെള്ളം വറ്റി തുടങ്ങിയതോടെ മീൻപിടിത്തം സജീവമായി. വർഷങ്ങൾക്ക് മുൻപ് പ്രകൃതിയൊരുക്കിയ കുളങ്ങളിലും ഇഷ്ടിക നിർമാണത്തിന് മണ്ണെടുത്ത കുഴികളിലും ഇതിനോടു ചേർന്നുള്ള ചെറിയ തോടുകളിലുമാണ് മീൻപിടിത്തം തകൃതിയായി നടക്കുന്നത്. വെള്ളം കുറഞ്ഞു തുടങ്ങിയ കുളങ്ങൾ തേകി വറ്റിച്ചും മറ്റു കുളങ്ങളിൽ വല വീശിയും ചൂണ്ടയിട്ടും കുളം ഇളക്കിയുമാണ് മീൻപിടിക്കുന്നത്.
ഒരു ടീം മീൻപിടിത്തം കഴിഞ്ഞ് പോകുന്നതിന് പിന്നാലെ അടുത്ത ടീമും വലയും മറ്റുമായി കുളത്തിലിറങ്ങും. ആദ്യം മീൻ പിടിക്കാനിറങ്ങിയവർക്ക് തരക്കേടില്ലാത്ത രീതിയിൽ തന്നെ മീൻ ലഭിക്കുന്നുണ്ട്. മീൻപിടിക്കാൻ എത്തുന്നതിൽ ഏറെയും വിവിധ ഊരുകളിൽ ഉള്ളവരാണ്. ഒഴിവ് സമയങ്ങളിലാണ് കുടുംബത്തിലുള്ള എല്ലാവരും ചേർന്ന് മീൻപിടിത്തത്തിനായി ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം മാത്തൂർ വയലിനും ചെറിയ പുഴയ്ക്കും ഇടയിലുള്ള ഇഷ്‌ടിക കളത്തിലെ വെള്ളക്കെട്ടിൽ പല തവണയായി ഒട്ടേറെ പേരാണ് മീൻ പിടിക്കാൻ എത്തിയത്.
Leave a Reply