ആക്രി സാധനങ്ങൾ സംഭരിച്ചു സൂക്ഷിക്കുന്ന കേന്ദ്രത്തിൽ തീപിടുത്തം
സുൽത്താൻബത്തേരി : മുനിസിപ്പൽ സ്റ്റേഡിയം റോഡിൽ ആക്രിസാധനങ്ങൾ സംഭരിച്ച് സൂക്ഷിക്കുന്ന കേന്ദ്രം കത്തിനശിച്ചു. ചൊവ്വാഴ്‌ച പുലർച്ചെ രണ്ടോടെയാണ് തീപ്പിടിത്തമുണ്ടായത്. തമിഴ്‌നാട് സ്വദേശി പെരുമാൾ സ്വാമിയുടെ ഉടമസ്ഥതയിൽ 19 വർഷമായി ഇവിടെ പ്രവർത്തിക്കുന്ന കേന്ദ്രമാണ് നശിച്ചത്.
പെരുമാൾ സ്വാമിയും കുടുംബവും ജോലിക്കാരുമടക്കം അഞ്ചുപേർ സംഭരണകേന്ദ്രത്തിലും സമീപത്തെ താമസസ്ഥലത്തുമായി കിടന്നിരുന്നു. ഒരുഭാഗത്ത് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട് വെള്ളമൊഴിച്ച് അണയ്ക്കാനുള്ള ശ്രമം വിജയിച്ചില്ല. പഴയ സാധനങ്ങൾക്കും പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കൾക്കും പിടിച്ചതോടെ തീ ആളിപ്പടർന്നു. ലോഹത്തകിട് മേഞ്ഞ് ഉണ്ടാക്കിയതായിരുന്നു സംഭരണകേന്ദ്രം സമീപത്ത് വീടുകളും വ്യാപാരസ്ഥാപനങ്ങളുമുള്ളത് പരിഭ്രാന്തിയേറ്റി. ഉടൻ ബത്തേരി അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കി. പിന്നീട് കല്പറ്റയിലെയും ബത്തേരിയിലെയും രണ്ട് യൂണിറ്റുകൾ വീതമെത്തിയാണ് തീ പൂർണമായും അണച്ചത്.നാട്ടുകാരും ബത്തേരി പോലീസും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. സംഭരണകേന്ദ്രത്തിലെ മേശയിൽ സൂക്ഷിച്ചിരുന്ന ഒരുലക്ഷം രൂപ കത്തിനശിച്ചതായും ആക്രിസാധനങ്ങൾ നശിച്ചതിൽ ലക്ഷങ്ങളുടെ നാശനഷ്ടവുമുണ്ടായതായി ഉടമ പറഞ്ഞു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ബത്തേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Leave a Reply