ബത്തേരിയിലും ഓപ്പൺ ജിം ആരംഭിക്കും
സുല്‍ത്താന്‍ ബത്തേരി: ടൗണ്‍ സ്‌ക്വയര്‍ രണ്ടു കോടി രൂപ ചെലവില്‍ മോടി പിടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കുട്ടികള്‍ക്ക് കൂടുതല്‍ കളിയുപകരണങ്ങള്‍ സജ്ജമാക്കും. ഓപ്പണ്‍ ജിം സ്ഥാപിക്കും. കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനു ഉതകുന്നതാണ് ടൗണ്‍ സ്‌ക്വയറില്‍ പുതുതായി എത്തിച്ച കളിയുപകരണങ്ങള്‍. ശാരീരിക-മാനസിക ആരോഗ്യത്തിന് വ്യായാമം അത്യന്താപേക്ഷിതമാണെന്നു തിരിച്ചറിവിലാണ് ഓപ്പണ്‍ ജിം സ്ഥാപിക്കുന്നത്. ടൗണ്‍ സ്‌ക്വയറില്‍ കുട്ടികളുടെ ഉപയോഗത്തിന് സീസോ, ഊഞ്ഞാല്‍, സ്ലെയ്ഡ് എന്നിവയാണ് ഉണ്ടായിരുന്നത്. ഓപ്പണ്‍ ജിമ്മില്‍ ഔട്ട്‌ഡോര്‍ ഫിറ്റ്‌നസ് ഉപകരണങ്ങള്‍, ഡബിള്‍ സൈഡ് ചെസ്റ്റ് പ്രസ് മെഷീന്‍, ഔട്ട്‌ഡോര്‍ എയര്‍ വാക്കര്‍, ഡബിള്‍ ബാര്‍, സിറ്റ് അപ്പ് ബോര്‍ഡ്, ഔട്ട് ഡോര്‍ റണ്ണിംഗ് മെഷീന്‍, ഔട്ട് ഡോര്‍ ജിം സ്‌കൈ വാക്കര്‍ തുടങ്ങിയവ ഉണ്ടാകും. ടൗണ്‍ സ്‌ക്വയറില്‍ നിലവിലുള്ള കുളം നവീകരിച്ച് കുട്ടികള്‍ക്ക് ബോട്ട് സവാരിക്ക് സൗകര്യം ഒരുക്കും. അപകടാവസ്ഥയിലുള്ള മരങ്ങള്‍ അനുമതി ലഭിക്കുന്ന മുറയ്ക്ക് മുറിച്ചുമാറ്റും. ഇതോടെ കുട്ടികള്‍ക്ക് വിനോദത്തിന് കൂടുതല്‍ ഇടമാകും. കഫ്റ്റീരിയ ഉടന്‍ പ്രവര്‍ത്തനസജ്ജമാകും.
ദിവസവും നിരവധിയാളുകളാണ് ടൗണ്‍ സ്‌ക്വയറില്‍ എത്തുന്നത്. ഇവിടെ വിനോദത്തിന് സൗകര്യങ്ങള്‍ കുറവാണെന്ന പരാതി ഉണ്ടായിരുന്നു. അതിനാണ് ഇപ്പോള്‍ പരിഹാരമാകുന്നത്. ഓപ്പണ്‍ ജിം പുലര്‍ച്ചെ അഞ്ച് മുതല്‍ പ്രവര്‍ത്തിപ്പിക്കാനാണ് നീക്കം. ജിം ഉപയോഗത്തിനു സീസണ്‍ ടിക്കറ്റ് ഏര്‍പ്പെടുക്കുന്നതിനു നീക്കം ഡിടിപിസി നടത്തുന്നുണ്ട്.
Leave a Reply