ബൈക്കേഴ്‌സ് ക്ലബ്ബിന്റെ ; ബൈസിക്കിള്‍ ചലഞ്ച് നാളെ സംഘടിപ്പിക്കും.
കല്‍പ്പറ്റ: വയനാട് ബൈക്കേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇന്ന് ബൈസിക്കിള്‍ ചലഞ്ച് സംഘടിപ്പിക്കും.
ദേശീയതാരങ്ങള്‍ ഉള്‍പ്പെടെ 150അധികം പേര്‍ പങ്കെടുക്കുന്ന സൈക്കിള്‍ റൈഡ് നാളെ രാവിലെ 6 മണിക്ക് കല്‍പ്പറ്റ കെഎം ഹോളിഡേഴ്‌സ് പരിസരത്തു നിന്നും അഡ്വ.ടി സിദ്ധീഖ് എം.എല്‍.എ, ഡി.വൈ.എസ്.പി, പി ബിജുരാജ് എന്നിവര്‍ ഫ്‌ളാഗ്ഓഫ് ചെയ്യും. തുടര്‍ന്ന് മുട്ടില്‍, മേപ്പാടി, ചുണ്ടേല്‍, വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി വഴി കല്‍പ്പറ്റ വെയര്‍ഹൗസ് ജംഗ്ഷന് സമീപം സമാപിക്കും. സമാപന പരിപാടികളും സമ്മാനദാനവും കല്‍പറ്റ കെ.എം ഹോളിഡേയ്സില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ രണ്ടുവര്‍ഷമായി വയനാട് ബൈക്കേഴ്സ് ക്ലബ് നടത്തിവരുന്ന വയനാട് ബൈസിക്കിള്‍ ചലഞ്ച് കേരളത്തിലും, രാജ്യത്തും വിദേശ രാജ്യങ്ങളിലുമുള്ള നിരവധി സൈക്ലിസ്റ്റുകളുടെ ആവേശകരമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരക്കയാണ്. പ്രകൃതിരമണിയമായ കാലാവസ്ഥയും, മോഹിപ്പിക്കുന്ന ദൃശ്യഭംഗിയും പ്രകൃതി ജന്യമായ നിരവധി സൈക്കിള്‍ ട്രാക്കുകളും കൊണ്ട് സമ്പന്നമായ വയനാടിനെ ഒരു സൈക്ലിംഗ് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് വയനാട് ബൈസിക്കിള്‍ ചലഞ്ച് സംഘടിപ്പിക്കുന്നത്. സൈക്ലിംഗ് ഒരു വിനോദമായി കൊണ്ടുനടക്കുന്നവരെയും പ്രൊഫഷണലായി ഇതിനെ സമീപിക്കുന്നവരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് വയനാട് ബൈസിക്കിള്‍ ചലഞ്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിരവധി വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളും വനിതകളും കഴിഞ്ഞ കാലങ്ങളില്‍ വയനാട് ബൈസിക്കിള്‍ ചലഞ്ചിന്റെ ഭാഗമാകാറുണ്ട്. വയനാടിന്റെ ദൃശ്യഭംഗിയും സമ്പന്നമായ പശ്ചിമഘട്ടത്തിന്റെ ജൈവ വൈവിധ്യവും ആസ്വദിക്കാവുന്ന തരത്തിലാണ് വയനാട് ബൈസിക്കിള്‍ ചലഞ്ചിന്റെ റൂട്ട് തയ്യാറാക്കിയിരിക്കുന്നത്. ഏതാണ്ട് 51 കിലോമിറ്റര്‍ ദൂരം വരുന്ന ഈ പാതയില്‍ വയനാടിന്റെ ഗ്രാമീണ പാതകള്‍, തോട്ടങ്ങള്‍, മലമ്പാതകളും ഉള്‍പ്പെടുന്നതാണ് റൂട്ട്. വാര്‍ത്താ സമ്മേളനത്തില്‍ ക്ലബ്ബ് പ്രസിഡണ്ട് ഡോ.മുഹമ്മദ് സാജിദ്, സെക്രട്ടറി ഷൈജല്‍ കുന്നത്ത്, ട്രഷറര്‍ ടി അബ്ദുല്‍ ഹാരിഫ്, ശാദുലി പുനത്തില്‍, വി.ആര്‍ രാകേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Leave a Reply